ഇന്ത്യൻ എൻജിനീയർക്കുമുന്നിൽ അമേരിക്കൻ ടിവി ചാനലുകൾ പതറുന്നു

ന്യൂയോർക്ക്: ഏപ്രിലിൽ അമേരിക്കയിൽ ചരിത്ര പ്രസിദ്ധമെന്നു പറയാവുന്ന ഒരു നിയമയുദ്ധം നടക്കും.
വൺ മാൻ ആർമി എന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്ന ഒരു ഇന്ത്യക്കാരനും ലോകത്തിലെ ഭരണകൂടങ്ങളെ എടുത്തെറിയാൻ കഴിയുന്ന ശക്തരായ മൂന്ന് ടെലവിഷൻ ചാനലുകളും  തമ്മിലാണ് യുദ്ധം.
ചെത് എന്ന ഓമനപ്പേരിലറിയുന്ന ചൈതന്യ കനോജിയ എന്ന നാല്പത്തിമൂന്നുകാരനായ ഭോപ്പാൽ സ്വദേശിയുടെ ആയുധം ബുദ്ധിയും സാങ്കേതിക മികവുമാണ്. രണ്ടുമുപയോഗിച്ച് എബിസി,​ എൻബിസി,​ സിബിഎസ് എന്നീ മാദ്ധ്യമങ്ങളെ ചെത് എതിരിടുന്പോൾ സംശയമില്ല,​ ജനം ചെതിനോടൊപ്പമാണ്. കാരണം ആ യുദ്ധം അവർക്കുവേണ്ടിയാണ്.
പതിറ്റാണ്ടുകളായി അമേരിക്കക്കാരുടെ വീടുകളിലെ സ്വീകരണമുറി അടക്കിവാഴുന്ന അമേരിക്കൻ ടെലിവിഷൻ ചാനലുകളെ അടിച്ചുപുറത്താക്കാൻ കഴിയുന്ന ഒരു ആന്റിനയുമായാണ് ചെതിന്റെ വരവ്. സെറ്റ് ടോപ് ബോക്‌സോ ഡിഷോ ഒന്നുമില്ലാതെ കൈപ്പത്തിക്കുള്ളിലൊതുങ്ങുന്ന ഏരിയോ എന്ന റിമോട്ട് ആന്റിനയുപയോഗിച്ച് ചെത് അന്തരീക്ഷത്തിലുള്ള ഏത് ടിവി സിഗ്നലും പിടിച്ചെടുക്കും. മാത്രമല്ല അത് കന്പ്യൂട്ടറിലോ ടാബിലോ മൊബൈലിലോ തനി ദൃശ്യങ്ങളായി എത്തിക്കും.  പിടിച്ചെടുക്കുന്ന പരിപാടികൾ ഇന്റർനെറ്റിലൂടെ നൽകാനും ചെതിനു കഴിയും.
രണ്ടു വർഷം മാത്രം പ്രായമുള്ള ഏരിയോ എന്ന തന്റെ കന്പനിയിലാണ് ചെതിന്റെ ചരിത്രം സൃഷ്ടിക്കുന്ന കണ്ടുപിടിത്തം. ഓൺലൈൻ സ്ട്രീമിംഗ്,​ ഇന്റർനെറ്റ് ടിവി തുടങ്ങിയ ഏടാകൂടങ്ങളോട് പോരാടുന്ന ടെലിവിഷൻ കന്പനികൾക്ക് ഏരിയോ ഉയർത്തുന്ന വെല്ലുവിളിക്കുമുന്നിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് വിലയിരുത്തൽ. കാരണം എട്ടു ഡോളറാണ് ഏരിയോയുടെ മാസവരി. ഡിജിറ്റൽ വിഡിയോ റെക്കോഡർ ഉപയോഗിച്ച് പരിപാടികൾ റെക്കോഡു ചെയ്യാനും അദ്ദേഹം സൗകര്യമൊരുക്കുന്നു.
ഇന്ത്യയിൽ ചെത് ഒരു സാധാരണ പയ്യനായിരുന്നു. സ്കൂളിൽ ഒരു ബാക്ക് ബെഞ്ചർ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. 1984ലെ ഭോപ്പാൽ ദുരന്തത്തിൽനിന്ന് കഷ്ടിച്ച രക്ഷപ്പെട്ട ചെത് ആ ദുരന്തം സൃഷ്ടിച്ച അമേരിക്കൻ കന്പനിയുടെ തട്ടകത്തിൽ ചെന്ന് പോരാടുന്നത് ചരിത്ര നിയോഗമാണ്. ഭോപ്പാൽ ദുരിതത്തിൽ പെട്ടവർക്ക് ഓക്സിജൻ നൽകാനും തെരുവിൽ അവശേഷിച്ച മൃതദേഹങ്ങൾ നീക്കം ചെയ്യാനും സഹായിച്ച ചെതിന്റെ മനസിന്റെ ഏതെങ്കിലും കോണിൽ അമേരിക്കൻ കന്പനിയായ യൂണിയൻ കാർബൈഡ്  സൃഷ്ടിച്ച കറുത്ത പാടുകളുണ്ടോ എന്നത് വ്യക്തമല്ല.
ബാക്ക് ബെഞ്ചറാണെങ്കിലും എൻ.ഐ.ടിയിൽ പ്രവേശനം നേടാനും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ടെക് പാസാകാനും ചെതിന് കഴിഞ്ഞു. പിന്നെ അമേരിക്കയിലേക്ക് വണ്ടി കയറി. നോർത്ത് ഈസ്റ്റേൺ സർവകലാശാലയിൽനിന്ന് കന്പ്യൂട്ടർ സിസ്റ്റം എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. മാദ്ധ്യമങ്ങൾ പൂർണ സ്വാതന്ത്ര്യം അനുഭവിക്കുന്ന അമേരിക്കയിൽ അതിലും വലിയ മാദ്ധ്യമസ്വാതന്ത്ര്യം ജനങ്ങൾക്കു നൽകാൻ കഴിയുമോ എന്നായിരുന്നു ചെതിന്റെ നോട്ടം.
അങ്ങനെയാണ് ചെത് നാവിക് സിസ്റ്റംസ് എന്ന കന്പനിക്ക് രൂപം നൽകിയത്. കേബിൾ കന്പനികൾക്ക് പ്രേക്ഷകരുമായി സംവദിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ സൃഷ്ടിച്ചെടുത്ത ഈ കന്പനിയെ 1600 കോടി രൂപയ്ക്കാണ് ചെത് മൈക്രോസോഫ്റ്റിന് വിറ്റത്. തുടർന്നായിരുന്നു മാൻഹാട്ടനിലെ ഇടുങ്ങിയ ഓഫീസിലിരുന്ന് അടുത്ത അര നൂറ്റാണ്ടിൽ മാദ്ധ്യമലോകം മാറ്റിയെഴുതുന്ന കണ്ടുപിടിത്തത്തിന്റെ തിരി തെളിച്ചത്.
അമേരിക്കൻ കോപ്പി റൈറ്റ് നിയമങ്ങൾക്കും പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങൾക്കും വിരുദ്ധമാണ് ചെതിന്റെ കണ്ടുപിടിത്തമെന്ന് ടെലിവിഷൻ ചാനലുകൾ വാദിക്കുന്നു. എന്നാൽ കാണാത്ത ചാനലുകൾക്കും കാശു കൊടുക്കേണ്ട സ്ഥിതി ഒഴിവാക്കാമെന്നും കൂടുതൽ ആളുകൾക്ക് ടെലിവിഷൻ ചാനലുകളെ സ്വന്തം ഉപകരണങ്ങളിൽ കാണാൻ ഏരിയോയിലൂടെ കഴിയുമെന്നും ചെത് വാദിക്കുന്നു. ചെതിന് പിന്തുണയുമായി ചില മാദ്ധ്യമ ഭീമന്മാർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സുപ്രീം കോടതി ജനങ്ങളുടെ പക്ഷത്തുനിൽക്കുമെന്നും നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അദ്ദേഹം.

Share This Post →

No comments:

Post a Comment