തുടക്കക്കാര്‍ക്കായി നിക്കോണ്‍ ഡി 3300

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ഏറെ സ്വാധീനമുണ്ടാക്കിയ മേഖലയാണ് ഫോട്ടോഗ്രാഫി. കണ്ണില്‍പ്പെടുന്നതെല്ലാം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലും ഗൂഗിള്‍ പ്ലസ്സിലും പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളില്‍ ഏറെയും.

ഏതാനും ആയിരങ്ങള്‍ മുടക്കിയാല്‍ മികച്ച റെസല്യൂഷണിലുള്ള ഡിജിറ്റല്‍ ക്യാമറകള്‍ ലഭ്യമായതോടെ, ഫോട്ടോഗ്രഫിയില്‍ ഒരു പരിചയവുമില്ലാത്ത സാധാരണക്കാര്‍പോലും 'ക്യാമറാ'മാന്മാരായി.

ക്യാമറ നിര്‍മാതാക്കളും ഇതിനനുസരിച്ച് മാറി. വിലകുറഞ്ഞത്, ആര്‍ക്കും ഉപയോഗിക്കാവുന്നത്, ഫോട്ടോഗ്രാഫിയെ അല്‍പം സീരിയസ്സായി കാണുന്നവര്‍ക്ക് അതില്‍ത്തന്നെ തുടക്കക്കാര്‍ക്ക്, കുറച്ചധികം പണം മുടക്കാന്‍ കഴിയുന്നവര്‍ക്ക്, പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് - എന്നിങ്ങനെ വിവിധതരക്കാര്‍ക്കായി വ്യത്യസ്ത ക്യാമറകള്‍ പുറത്തിറക്കാന്‍ അവര്‍ തയ്യാറായി.

ഹോബിയായി ഫോട്ടോഗ്രാഫിയെ കാണുന്ന തുടക്കക്കാര്‍ക്കായി നിക്കോണ്‍ അവതരിപ്പിച്ച മോഡലാണ് ഡി 3000. ആ പരമ്പരയിലെ ഡി 3100, ഡി 3200 എന്നിവയ്ക്ക് ശേഷം നിക്കോണ്‍ രംഗത്തെത്തിച്ച മോഡലാണ് ഡി 3300.

അമേരിക്കയിലെ ലാസ് വെഗാസില്‍ നടന്ന രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് മേളയിലാണ് ( CES 2014 ) ഈ മോഡല്‍ അടുത്തയിടെ അവതരിപ്പിക്കപ്പെട്ടത്. ഫിബ്രവരിയോടെ ഇത് ഉപഭോക്താക്കളുടെ കൈയിലെത്തും. വില ഏകദേശം 32,000 രൂപ. ലെന്‍സ് മാത്രമെങ്കില്‍ 14,000 രൂപ നല്‍കിയാല്‍ മതി.

മുന്‍ഗാമികളെ അപേക്ഷിച്ച് വലിപ്പക്കുറവ്, പുതിയ പ്രോസസ്സര്‍, ഐ.എസ്.ഒ. റെയ്ഞ്ച്, ഫുള്‍ എച്ച്.ഡി. വീഡിയോ ചിത്രീകരണം എന്നിവയാണ് ഡി 3300 ക്യാമറയുടെ മേന്മകള്‍ .

ബില്‍റ്റ് ഇന്‍ വൈഫൈ സംവിധാനം ഇല്ലെന്നതാണ് മുഖ്യപോരായ്മ. ഇപ്പോള്‍ ഇറങ്ങുന്ന സാധാരണ ഡിജിറ്റല്‍ ക്യാമറകളില്‍പ്പോലും ഈ സൗകര്യം ഉണ്ടെന്ന് ഓര്‍ക്കുക.. wu-1a Wireless Mobile Adaptor പ്രത്യേകം വാങ്ങിയാല്‍ ഈ പോരായ്മ പരിഹരിക്കാം. ആന്‍ഡ്രോയ്ഡ് , ഐ.ഒ.എസ്. ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലേക്കും ടാബ്‌ലറ്റുകളിലേക്കും ഇതുവഴി ചിത്രങ്ങളും മറ്റും കൈമാറാം. ഷട്ടറും വയര്‍ലെസ്സ് ആയി നിയന്ത്രിക്കാം.

ഡി 3300 ന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഇങ്ങനെ-
18-55 എം.എം. ലെന്‍സാണ് ഇതിലുള്ളത്. (AF-S DX NIKKOR 18-55 mm f/3.5 -5.6G VR II) . മുന്‍ മോഡലുകളിലേതിനെ അപേക്ഷിച്ച് 30 ശതമാനം വലിപ്പവും 25 ശതമാനം ഭാരവും ഇതിന് കുറവാണ്.

നിക്കോണിന്റെ തന്നെ Expeed 4 ഇമേജ് പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. D3100se Expeed 2 , D3200 se Expeed 3 എന്നിവയുടെ നവീകരിച്ച പതിപ്പാണിത്. നോയ്‌സ് കുറയ്ക്കാനും തുടര്‍ച്ചയായ ചിത്രീകരണത്തിനും ഇത് സഹായിക്കും.



ആദ്യ മോഡലില്‍ സെക്കന്‍ഡില്‍ മൂന്ന് ഫ്രെയിമും (3fps) രണ്ടാമത്തേതില്‍ നാല് ഫ്രെയിമും (4fps) ചിത്രീകരിക്കാമെങ്കില്‍ ഡി 3300 ല്‍ ഇത് അഞ്ച് ഫ്രെയിമാണ് (5fps). തുടക്കക്കാര്‍ക്കുള്ള മറ്റ് കമ്പനികളുടെ ക്യാമറയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌പോര്‍ട്‌സ്, ആക്ഷന്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ ഇത് കൂടുതല്‍ മികവ് നല്‍കും.

ഡി 3200 ലെ 24.2 മെഗാപിക്‌സല്‍ സെന്‍സറാണ് ഡി 3300 ലും. 1080/60p ഫുള്‍ എച്ച്.ഡി. വീഡിയോ ഇതുപയോഗിച്ച് ചിത്രീകരിക്കാം. Optical Low Pass Filter (OLPF) പുതിയ മോഡലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ സെന്‍സര്‍, ഫില്‍ട്ടറിന്റെ ആവശ്യം ഒഴിവാക്കുന്നുവെന്നാണ് നിക്കോണിന്റെ അവകാശവാദം. 

100 -12800 ആണ് ഐ.എസ്.ഒ. റെയ്ഞ്ച്.ഷട്ടര്‍ സ്പീഡ് 1/250. 95% ഡിസ്‌പ്ലേ കവറേജ് നല്‍കുന്ന 0.85x high magnification വ്യൂഫൈന്‍ഡറും ഉണ്ട്. പനോരമ മോഡ് ഉള്‍പ്പെടുന്ന ആദ്യ DSLR ആണ് ഇതെന്നും കമ്പനി അവകാശപ്പെടുന്നു. കറുപ്പ്, ചുവപ്പ്, ചാര നിറങ്ങളില്‍ ഈ മോഡല്‍ ലഭിക്കും. (വിവരങ്ങള്‍ക്ക് കടപ്പാട്: nikon.com)


Share This Post →

No comments:

Post a Comment