എന്താണ് ആ പാതിരാക്കാറ്റിന്റെ പേര്

വിനീത് ശ്രീനിവാസന്‍
പാലക്കാട്: അന്ന് കൂത്തുപറമ്പില്‍നിന്ന് മാപ്പിളപ്പാട്ട് പാടാനായി പാലക്കാട്ടേക്ക് യാത്രതിരിക്കുമ്പോള്‍ അമ്മയും ധ്യാനുമായിരുന്നു കൂടെ. മോഹനമ്മാവനും (കഥപറയുമ്പോള്‍, മാണിക്യക്കല്ല് എന്നീ സിനിമകളുടെ സംവിധായകനായാണ് നിങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയം) ഒപ്പമുണ്ടായിരുന്നെന്നാണ് ഓര്‍മ. തൊട്ടുമുമ്പുള്ളവര്‍ഷം കൊല്ലത്തും ഞാന്‍ പങ്കെടുത്തിരുന്നെങ്കിലും ചുമയും ശ്വാസംമുട്ടും കാരണം നന്നായി പാടാനായില്ല. എന്നിട്ടും രണ്ടാംസ്ഥാനം കിട്ടി.

ഏഴാംക്ലാസുവരെ ലളിതഗാനവും ശാസ്ത്രീയസംഗീതവും പഠിച്ച്, ജില്ലാകലോത്സവങ്ങളില്‍ പാടിക്കിട്ടുന്ന സമ്മാനങ്ങള്‍കൊണ്ട് സംതൃപ്തനായിരുന്നു ഞാന്‍. അച്ഛന്റെ കൂട്ടുകാരനായിരുന്ന ചാന്ദ്പാഷ ഭായിയാണ് മാപ്പിളപ്പാട്ടിലേക്ക് കൈപിടിച്ചുനടത്തിയത്. കൂത്തുപറമ്പിലെ സി.കെ.ജി. തിയറ്റേഴ്‌സിന്റെ ബാലനാടകങ്ങളുമായി സഹകരിച്ചിരുന്നു അദ്ദേഹം. ഭായി മാഷ്തന്നെയാണ് ലളിതഗാനങ്ങള്‍ പഠിപ്പിച്ചത്. 'മാപ്പിളപ്പാട്ട് പാടിനോക്കിക്കൂടെ' എന്ന് ഒരിക്കല്‍ അദ്ദേഹം വെറുതെചോദിക്കുകയായിരുന്നു. പാടി നോക്കിയപ്പോള്‍ കുഴപ്പമില്ല. ജില്ലയില്‍ സമ്മാനം കിട്ടി. അങ്ങനെയാണ് സംസ്ഥാനകലോത്സവങ്ങളില്‍ മാപ്പിളപ്പാട്ടുകാരനായി പോകാന്‍ തുടങ്ങിയത്.

പാലക്കാട്ട് ടൗണ്‍ഹാളായിരുന്നു വേദി. സ്റ്റേജിലേക്ക് കയറുമ്പോള്‍ ഇന്ന് ഉള്ളിലൊരു പേടിയുണ്ടെനിക്ക്. അന്ന് പേടിയില്ലായിരുന്നു എന്നല്ല, അതിന്റെ മിടിപ്പുകളെ തണുപ്പിച്ച് വല്ലാത്തൊരു ആവേശത്തിന്റെ പോസിറ്റീവ് ഫീല്‍ എനിക്ക് അനുഭവിക്കാനായി. അതിന്റെ ഊര്‍ജത്തിലാണ് പാടിയത്. ഇന്നുമോര്‍ക്കുന്നു ആ വരികള്‍. പൊന്നാനി മാളിയേക്കകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 'ചിരിത്ത വേളയില്‍ ബഹത്തനായൊരു...' എന്നുതുടങ്ങുന്ന ഇശല്‍.

ഫലംവന്നപ്പോള്‍ ഒന്നാംസ്ഥാനം. ശരിക്കും പകച്ചുപോയ നിമിഷം. എനിക്കുചുറ്റും പത്രപ്രവര്‍ത്തകരുടെ വലിയ വളയം. മിന്നലുകള്‍പോലെ തുരുതുരെ ഫ്ലാഷുകള്‍. അതിനുമുമ്പ് അത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. ജില്ലാ കലോത്സവത്തിലൊക്കെ സമ്മാനം കിട്ടുമ്പോള്‍ ഒന്നോരണ്ടോ പത്രപ്രവര്‍ത്തകര്‍മാത്രമേ കാണൂ. ജനശ്രദ്ധയുടെ വെള്ളിവെളിച്ചമെന്തെന്ന് ഞാന്‍ ആദ്യമായി മനസ്സിലാക്കുകയായിരുന്നു പാലക്കാട്ടെ ആ പകലില്‍വെച്ച്. 'എന്തുകൊണ്ടാണ് മാപ്പിളപ്പാട്ടിനോട് താത്പര്യം തോന്നിയത്' എന്നായിരുന്നു ആദ്യ ചോദ്യം. എങ്ങനെ ഉത്തരം പറയണമെന്നറിയാതെ, കാമറകള്‍ക്കുമുന്നില്‍ എങ്ങനെ നില്‍ക്കണമെന്നറിയാതെ ഞാന്‍ വിയര്‍ത്തു. ദൃശ്യമാധ്യമങ്ങളുടെ മൈക്കിന്‍മുനകള്‍ നമുക്കുനേരെ നീളാതിരുന്ന അക്കാലത്ത്, മാധ്യമങ്ങള്‍ക്കുമുന്നില്‍ എങ്ങനെ പെരുമാറണമെന്നുകൂടി എന്നെ പഠിപ്പിച്ചു, പാലക്കാട്. ഇതെഴുതുമ്പോള്‍ ചാന്ദ്പാഷ ഭായിയില്ല. കലോത്സവം വീണ്ടും പാലക്കാട്ടെത്തുമ്പോള്‍ ഞാന്‍ ഇശലുകളുടെ ആദ്യപാഠം പഠിപ്പിച്ച ആ മനുഷ്യനെ ഓര്‍ത്തുപോകുന്നു. പ്രണാമം, പ്രിയ ഭായ് മാഷ്...

എന്റെയുള്ളിലെ സംവിധായകനെ കലോത്സവങ്ങളുടെ അന്തരീക്ഷം വലിയതോതില്‍ സ്വാധീനിച്ചിട്ടുണ്ട്. 'തട്ടത്തിന്‍ മറയത്തി'ലെ യുവജനോത്സവരംഗങ്ങള്‍ കാമ്പസിന്റെ സ്പന്ദനങ്ങള്‍ നിറഞ്ഞതായിരുന്നെങ്കിലും അതിന്റെ ആദ്യ തുടിപ്പുകള്‍ ഉള്ളിലേക്ക് പകര്‍ന്നത് പാലക്കാട്ടെ കലോത്സവമായിരുന്നു. അക്ഷരാര്‍ഥത്തില്‍ കലയുടെ ഉത്സവംതന്നെയാണിത്. ഉത്സവരാത്രികളില്‍ നമ്മള്‍ വീട്ടില്‍പ്പോകാറില്ല. വെളിച്ചം വിതറിനില്‍ക്കുന്ന ഉത്സവപ്പറമ്പിലൂടെ അലഞ്ഞുനടക്കും. അതിനിടയില്‍ സൗഹൃദവും പ്രണയവും വളകിലുക്കം കേള്‍പ്പിക്കും. അച്ചടക്കത്തിന്റെ ചൂരല്‍വടികള്‍ അവിടെയുണ്ടാകില്ല. പകരം സ്വാതന്ത്ര്യം. എല്ലായിടത്തും തെളിഞ്ഞുനില്‍ക്കുന്ന വിളക്കുകളുടെ സുരക്ഷിതത്വം. അതേ അന്തരീക്ഷമാണ് കലോത്സവങ്ങള്‍ക്കും. അവിടെമാത്രം വീശുന്ന ഒരു പാതിരാക്കാറ്റുണ്ട്. അതിനെ എന്താണ് പേരുവിളിക്കേണ്ടതെന്ന് എനിക്കിന്നും അറിയില്ല...

Share This Post →

No comments:

Post a Comment