ഗൂഗിളുമായി സഹകരിക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കമുള്ള നടപടികളില്‍ സെര്‍ച്ച് എഞ്ചിന്‍ അതികായകന്‍മാരായ ഗൂഗിളുമായി കൈകോര്‍ക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ പോളിംഗ് സ്‌റ്റേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിര്‍ണയിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധരാണെന്ന് നേരത്തെ ഗൂഗിള്‍ അറിയിച്ചിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിഎസ് സമ്പത്ത്, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ എച്ച് എസ് ബ്രഹ്മ, എസ്എന്‍എ സിയാദി എന്നിവര്‍ പങ്കെടുത്ത യോഗമാണ് ഗൂഗിളുമായി സഹകരിക്കാനുള്ള തീരുമാനം റദ്ദാക്കിയത്.
നേരത്തെ ഗൂഗിളുമായി സഹകരിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസും ബിജെപിയും സൈബര്‍ രംഗത്തെ വിദഗ്ധരും രംഗത്തെത്തിയിരുന്നു.
ദേശീയ സുരക്ഷയേയും തെരഞ്ഞെടുപ്പിനേയും ഒരുതരത്തിലും ബാധിക്കാത്തതായിരിക്കണം ഗൂഗിളുമായുള്ള കരാര്‍ എന്ന് കാണിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. എന്നാല്‍ ഗൂഗിളുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നത് സര്‍വ്വ കക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
ഇന്ത്യയുടെ പല രഹസ്യവിവരങ്ങളും അമേരിക്ക ചോര്‍ത്തിയെന്ന് മുന്‍ എന്‍എസ്എ കരാര്‍ ജീവനക്കാരന്‍ എഡ്വേര്‍ഡ് സ്‌നോഡന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു

Share This Post →

No comments:

Post a Comment