'ബാല്യകാലസഖിയും ന്യൂജനറേഷനാണ്'


'ബാല്യകാലസഖി' സിനിമയാവുമ്പോള്‍. സംവിധായകന്‍ പ്രമോദ് പയ്യന്നൂരുമായി ഹണി ആര്‍.കെ നടത്തിയ അഭിമുഖം



മജീദ് മന്ത്രിച്ചു, 'സുഹ്റാ...'
ഭൂതകാലത്തിന്റെ ഹൃദയത്തില്‍ നിന്നെന്നോണം അവള്‍ വിളികേട്ടു. 'ഓ' 
'എന്താ ഇത്രയ്ക്കും ക്ഷീണിച്ചത്?' 
സുഹ്റ അതിന് ഉത്തരം പറഞ്ഞില്ല. 
'ഞാന്‍ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം'
തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാന്‍ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' 
'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാന്‍.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.'
'എന്നിട്ടുപിന്നെ?' 
'അവരെല്ലാം നിശ്ചയിച്ചു. എന്റെ സമ്മതം ആരും ചോദിച്ചില്ല.'

(ബാല്യകാല സഖി, വൈക്കം മുഹമ്മദ് ബഷീര്‍)


മജീദും സുഹറയും മലയാളത്തിന്റെ പ്രിയപ്പെട്ടവര്‍. അവരുടെ പ്രണയവും വിരഹവും ത്യാഗവുമെല്ലാം നമ്മള്‍ അക്ഷരങ്ങളിലൂടെ അനുഭവിച്ചറിഞ്ഞതാണ്. സുഹറയെ കാണാന്‍ മജീദ് വീണ്ടും വരുന്നൂ. വെള്ളിത്തിരയില്‍ അവര്‍ കണ്ടുമുട്ടും. ആ കണ്ടുമുട്ടലിന്റെ തീക്ഷ്ണത വീണ്ടും കാഴ്ചയില്‍ അനുഭവിപ്പിക്കുന്നത് പ്രമോദ് പയ്യന്നൂരാണ്. ബഷീറായി മുമ്പും പകര്‍ന്നാട്ടം നടത്തിയിട്ടുള്ള മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയാണ് മജീദായി എത്തുക. സുഹറയായി ഇഷയും.

ബാല്യകാലസഖിയുടെ വിശേഷങ്ങളെ കുറിച്ച് സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ Asianetnews.tv യോട് സംസാരിക്കുന്നു.



ആദ്യ സിനിമയ്ക്ക് ബാല്യകാലസഖി തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? എങ്ങനെയാണ് ബാല്യകാലസഖി സിനിമയായി രൂപപ്പെടുന്നത്?

മലയാളത്തില്‍ കരുത്തുള്ള കഥകള്‍ സിനിമകളാകാറുണ്ട്. അറുപതുകളിലും എഴുപതുകളിലും വളരെ മികച്ച സാഹിത്യസൃഷ്ടികള്‍ സിനിമയായിട്ടുണ്ട്. അങ്ങനെയുള്ള സിനിമകള്‍ എല്ലാ വിഭാഗം പ്രേക്ഷകരും ആസ്വദിച്ചവയായിരുന്നു. പിന്നീട് എപ്പോഴോ, നമ്മുടെ മലയാളം, നമ്മുടെ സംസ്കാരം, നമ്മുടെ ജീവിതരീതി. തീക്ഷ്ണമായ മുഹൂര്‍ത്തങ്ങള്‍... ഇതൊക്കെ നമ്മുടെ സിനിമകളില്‍ നഷ്ടപ്പെട്ടു. ഇത്തരം കാര്യങ്ങളുള്ള കഥകള്‍ സിനിമയാക്കുന്ന ശൈലി എവിടെയൊക്കെയോ കൈമോശം വന്നു. ഇടയ്ക്ക് ചില രൂപപ്പെടലുകള്‍ ഉണ്ടായിട്ടുണ്ടായിരുന്നു.

ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ മലയാളത്തിന്റേയും ജീവിതത്തിന്റേയും അടയാളപ്പെടുത്തലുകള്‍ ഉള്ളതായിരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. നിലവാരമുള്ളതും എല്ലാവിധം പ്രേക്ഷകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്നതുമായ സിനിമ ചെയ്യണം എന്നത് ഒരു മോഹമായിരുന്നു. അങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന എഴുത്തുകാരനെ തേടുന്നത്. ബഷീറിന്റെ രചനകള്‍ എല്ലാവിധം ആള്‍ക്കാരും ആസ്വദിച്ചതാണ്. അത്തരം രചനകള്‍ സിനിമയാക്കുമ്പോള്‍ ആ ഇഷ്ടം സിനിമയ്ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.

ബഷീറിന്റെ രചനകള്‍ക്ക് മുമ്പും ദൃശ്യഭാഷ ഒരുക്കിയിട്ടുണ്ടല്ലോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യത്തെ കഥ 'തങ്കം' പ്രമേയമാക്കി സാഹിത്യ സുല്‍ത്താനുള്ള സര്‍ഗ്ഗ സമര്‍പ്പണം എന്ന പേരില്‍ ഷോര്‍ട്ഫിലിം ചെയ്തിട്ടുണ്ട്. മതിലുകള്‍ രണ്ട് മണിക്കൂര്‍ നാടകമാക്കി. ബഷീറിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തു. ബഷീര്‍ കഥാ പ്രപഞ്ചത്തിലെ നന്മകള്‍ പ്രമേയമാക്കി 'നന്‍മയുടെ അപാരതീരങ്ങള്‍' എന്ന ഒരു മള്‍ട്ടി മീഡിയ പ്രൊഡക്ഷനും ചെയ്തു. അങ്ങനെ നാല് രീതിയില്‍ ബഷീറിനെ സമീപിച്ചിട്ടാണ് ബാല്യകാലസഖി എന്ന സിനിമയിലേക്ക് എത്തുന്നത്.

ബഷീര്‍ കഥാപാത്രങ്ങള്‍ മലയാളിക്ക് ചിരപരിചിതരാണ്. അവരെ വെള്ളിത്തിരയില്‍ എത്തിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍? പ്രത്യേകിച്ച് പല കഥകളിലെ കഥാപാത്രങ്ങള്‍ ഒരു സിനിമയില്‍ വരുമ്പോള്‍? കഥയ്ക്കു പശ്ചാത്തലമാകുന്ന കാലഘട്ടവും സ്ഥലവും വേഷവിധാനങ്ങളും പുന:സൃഷ്ടിക്കേണ്ടി വന്നില്ലേ?

ബഷീറിന്റെ കഥാപാത്രങ്ങള്‍ ഗ്രാമീണരായിട്ടാണ് സിനിമയില്‍ വരുന്നത്. മണ്ടന്‍ മുത്താപ്പയും സൈനബയും ഉണ്ടക്കണ്ണന്‍ അന്ത്രുമൊക്കെ കഥാപാത്രങ്ങളായിട്ട് വരുന്നുണ്ട്. അത് സിനിമയ്ക്ക് ചടുലത നല്‍കുന്നു. ബഷീറിയന്‍ ശൈലിയുമായി സിനിമയെ അടുപ്പിച്ചുനിര്‍ത്താനും സഹായകരമാകുന്നു. ഗ്രാമത്തിന്റെ ഉള്ളറിഞ്ഞ ഗ്രാമീണര്‍ വരുമ്പോള്‍ അതിനു ഭംഗിയുണ്ടെന്നാണ് കരുതുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും ആത്മകഥാംശമുള്ളതാണ് മജീദും ബാല്യകാല്യസഖിയുമെന്ന് അദ്ദേഹം പലയിടത്തും പറഞ്ഞിട്ടുണ്ട്. അപ്പോള്‍ മജീദ് പ്രധാനകഥാപാത്രമാകുമ്പോള്‍ ബഷീറിന്റെ ഗ്രാമത്തിലെ, തലയോലപ്പറമ്പിലെ പ്രധാനികളൊക്കെ ഗ്രാമീണരായി സിനിമയിലേക്ക് വരാല്ലോ? അങ്ങനെയാണ് ഇതിന്റെ ഒരു ലോജിക് സിനിമയില്‍ കണക്ട് ചെയ്തിരിക്കുന്നത്. അത് സിനിമയെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്.

ബഷീര്‍ തന്നെ ഓരോരുത്തരുടേയും രൂപത്തെക്കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്തരം രൂപങ്ങളുള്ളവരെ നാടകരംഗത്തുനിന്നും മറ്റും കണ്ടെത്തുകയാണ് ചെയ്തത്. അവര്‍ക്ക് വേണ്ടി ഫിലിം ആക്ടിംഗ് ട്രെയിനിംഗ് കൊടുത്തു. ബഷീര്‍ കഥാപാത്രങ്ങളോട് ഏറ്റവും യോജിക്കുന്നവിധം അവരുടെ രൂപവും ശരീരഭാഷയും പാകപ്പെടുത്തി.

സിനിമയില്‍ 1910 മുതലുള്ള കാലഘട്ടമാണ് എടുത്തിരിക്കുന്നത്. അതിനായി വൈക്കത്തിന് ഇപ്പുറത്തുള്ള പെരുമ്പടം എന്ന തുരുത്ത് കേരളത്തിന്റെ പ്രധാനപ്പെട്ട കഥാപശ്ചാത്തലമായി എടുത്തു. അതിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ സെറ്റുകള്‍ ഉണ്ടാക്കുകയുമാണ് ചെയ്തത്.

കൊല്‍ക്കത്ത ലൊക്കേഷനായതിനെ കുറിച്ച്?

സിനിമയില്‍ രണ്ട് സ്ഥലങ്ങളാണ് പ്രധാനമായും വരുന്നത്. കേരളവും കൊല്‍ക്കത്തയും. 1940കളില്‍ മജീദ് തൊഴില്‍ അന്വേഷിച്ചുപോകുന്ന സ്ഥലമായിട്ട് കൊല്‍ക്കത്തയാണ് കണ്‍സീവ് ചെയ്തിട്ടുള്ളത്. ബഷീര്‍ ബാല്യകാലസഖി എഴുതുന്നത് കല്‍ക്കത്തയില്‍വച്ചാണ്. ഇംഗ്ലീഷിലാണ് എഴുതുന്നത്. മദിരാശിപ്പട്ടണത്ത് നിന്നുപോകുമ്പോള്‍ വാങ്ങിച്ച ഒരു നോട്ടുപുസ്തകത്തിലാണ് ബാല്യകാലസഖി ആദ്യമായി കുറിച്ചിടുന്നത്. പിന്നീട് മലയാളത്തിലേക്ക് മാറ്റുകയായിരുന്നു. ബഷീര്‍ ബാല്യകാലസഖി എഴുതിയ ഇടം തന്നെ ഒരു ലൊക്കേഷന്‍ ആക്കുകയായിരുന്നു.

കേരളത്തിന്റെ മഴക്കാലവും മാമ്പഴക്കാലവും തെളിഞ്ഞ ആകാശവും പച്ചപ്പും ഒക്കെയാണ് കേരളം ദൃശ്യപശ്ചാത്തലമായി വരുമ്പോഴുള്ളത്. കൊല്‍ക്കത്ത വരുമ്പോള്‍ വേനല്‍ക്കാലവും നഗരത്തിന്റെ ചൂടും ബഹളവുമൊക്കെയുമാണ്. മജീദിന്റെ ജീവിതത്തിലെ കഷ്ടപ്പാടുകളെപ്പോലെ.

എങ്ങനെയാണ് ബാല്യകാലസഖിയെ സംവിധായകനും സിനിമയും സമീപിക്കുന്നത്?

സിനിമയെന്ന കല അതിന്റെ സാങ്കേതികപരമായ ഉയരങ്ങളിലേക്ക് എത്തിയിട്ടുണ്ട്. കഥ പറയുന്നതിന്റെ രീതിയില്‍ പുതിയ ശൈലി ഒക്കെ വന്നിട്ടുണ്ട്. ബാല്യകാലസഖി എന്ന കഥയില്‍ നിന്നിട്ട്, അതിന്റെ പുതിയ ദൃശ്യസാധ്യതകള്‍ അന്വേഷിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. കഥയ്ക്ക് ഒരു പോറലുമേല്‍ക്കാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ എടുക്കാനാണ് ശ്രമിച്ചിരിക്കുന്നത്.


മമ്മൂട്ടി മുമ്പും ബഷീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പ്രണയം പ്രമേയമാകുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തുന്നത് എങ്ങനെയാണ്?

സിനിമയില്‍ മൂന്ന് കാലഘട്ടങ്ങളില്‍ മജീദിന്റെയും സുഹറയുടെയും ജീവിതം കടന്നുവരുന്നുണ്ട്. പതിനാലുകാരനായ മജീദും ഇരുപത്തിയൊന്നുവയസ്സുകാരനായ മജീദും അമ്പതുവയസ്സുകാരനായ മജീദും സിനിമയിലുണ്ട്. വ്യത്യസ്തകാലങ്ങളിലെ സുഹറയും എത്തുന്നു. ഭര്‍ത്താവിന്റെ പീഡനങ്ങള്‍ ഒരുപാട് സഹിച്ച് ഗ്രാമത്തിലേക്ക് സുഹറ വരുമ്പോഴുള്ള മജീദായിട്ടാണ് മമ്മൂക്ക പ്രധാനമായുമുള്ളത്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന കാലഘട്ടത്തിലെ മജീദായിട്ടാണ് മമ്മൂട്ടി വരുന്നത്. തൊഴിലന്വേഷിച്ച് കല്‍ക്കത്തയിലേക്ക് പോകുന്ന മജീദ്, ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഹോട്ടലില്‍ പാത്രങ്ങള്‍ കഴുകേണ്ടി വരുന്ന മജീദ് ... ഒരുപാട് പ്രതിസന്ധികള്‍ക്കിടയിലും സ്നേഹവും സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെയുള്ള കഥാപാത്രത്തെയാണ് മമ്മൂക്ക ചെയ്യുന്നത്. ഏറ്റവും തീക്ഷ്ണമായി അഭിനയിക്കാനുള്ള മുഹൂര്‍ത്തങ്ങളിലാണ് മമ്മൂക്ക ചലച്ചിത്രത്തിലേക്ക് വരുന്നത്. മജീദിന് പുറമേ ബാല്യകാലസഖിയിലെ ബാപ്പയായിട്ടും മമ്മൂട്ടി അഭിനയിക്കുന്നുണ്ട്. വളരെ സൂക്ഷ്മമായിട്ട് കാര്യങ്ങള്‍ അടയാളപ്പെടുത്തി, കഥാപാത്രത്തോട് സത്യസന്ധത പുലര്‍ത്താന്‍ മമ്മൂക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.




ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ച് ?

രാഘവന്‍ മാഷ് രണ്ട് ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. തൊണ്ണൂറ്റിയൊമ്പതാം വയസ്സിലാണ് ഞങ്ങള്‍ക്ക് വേണ്ടി മാഷ് ഗാനമൊരുക്കിയത്. ഒന്ന് കെ ടി മുഹമ്മദിന്റെ 'താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളേ' എന്ന വരികള്‍. യേശുദാസാണ് പാടിയിരിക്കുന്നത്. മറ്റൊന്ന് മാഷുടെ പ്രിയ ശിഷ്യന്‍ വി ടി മുരളിയാണ് പാടിയത്. തിരക്കഥാരചനയുടെ ഭാഗമായി ആ ഗാനം ഞാന്‍ ആണ് എഴുതിയത്. കാവാലം നാരായണപണിക്കരുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ ഈണമിട്ട ഗാനവും ചിത്രത്തിലുണ്ട്.






തലമുറകള്‍ വ്യത്യാസമില്ലാതെ വായിക്കപ്പെടുന്ന കൃതി തന്നെയാണ് ബാല്യകാലസഖി. പക്ഷേ, ന്യൂജനറേഷന്‍ സിനിമാക്കാലത്ത് യുവപ്രേക്ഷകര്‍ എങ്ങനെയാകും സിനിമ സ്വീകരിക്കുക എന്ന കാര്യത്തില്‍ ആശങ്കയുണ്ടോ?

ആശങ്കയില്ല. ജീവിതത്തിന്റെ അടിസ്ഥാനവികാരങ്ങള്‍ എപ്പോഴും ഒന്നാണ്. ബാല്യകാലസഖി അഡ്രസ് ചെയ്യുന്നത് സ്നേഹവും പ്രണയവും വാത്സല്യവും ഒക്കെ തന്നെയാണ്. ശരിക്കും ന്യൂ ജനറേഷന്‍ എന്ന കണ്‍സെപ്റ്റ് അതാത് കാലഘട്ടങ്ങളിലെ പുതുപ്രവണതകളാണ്. ഓരോ കാലഘട്ടത്തിലും ന്യൂ വേവ് ഉണ്ടായിട്ടുണ്ട്. ലോകസിനിമയിലും മലയാളത്തിലും. ഏറ്റവും ഒടുവില്‍ നമ്മള്‍ അഡ്രസ് ചെയ്തിട്ടുണ്ട്. പുറത്തുള്ള ജീവിതസംസ്ക്കാരങ്ങള്‍ ഉള്ള കഥകളാണ്. അത് എനര്‍ജറ്റിക്കും ചടുലതയുമൊക്കെയുള്ളതാണ്. പക്ഷേ അത് മാത്രമല്ല ന്യൂജനറേഷന്‍.

മലയാളത്തിന്റെ മനസ്സറിയുന്ന ഒരു കഥയായിട്ടാണ് നമ്മുടെ ചലച്ചിത്രം രൂപപ്പെടുന്നത്. അപ്പോള്‍ അതില്‍ ന്യൂജനറേഷന്‍ വരേണ്ടത് ടെക്നോളജിയുടെ കാര്യത്തിലാണ്. കഥ പറയുന്ന രീതിയിലാണ്. ഷോട്ടുകളിലാണ്. ഇത്തരം കാര്യങ്ങളിലൊക്കെ ബാല്യകാലസഖി ന്യൂജനറേഷനെ അഡ്രസ് ചെയ്യുന്നുണ്ട്. ആ രീതിയിലാണ് ഇതിന്റെ ചലച്ചിത്രഭാഷ രൂപപ്പെടുത്തിയിട്ടുള്ളത്. മികച്ച ഒരു കഥയുടെ ചലച്ചിത്രരൂപം എന്ന രീതിയില്‍ ഏറ്റവും പുതുമയുള്ള ദൃശ്യഭാഷ കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത്. മലയാളത്തിന്റെ യൂത്ത് കലാമൂല്യമുള്ള, ജീവിതമുള്ള, കഥകള്‍ ഇഷ്ടപ്പെടുന്നുണ്ട്. ട്രീറ്റ്മെന്റിലുള്ള പുതുമയാണ് അവര്‍ക്ക് വേണ്ടത്. നല്ല കഥയില്‍ നിന്നുള്ള പുതിയ സാങ്കേതിക സാധ്യകള്‍ തേടുകയാണ് നമ്മള്‍ ചെയ്യുന്നത്.







ബാല്യകാലസഖിക്ക് ശേഷം?

എനിക്ക് ഒരിക്കലും അരങ്ങ് മറക്കാന്‍ കഴിയില്ല. പരീക്ഷണ നാടകങ്ങളും പ്രൊഫഷണല്‍ നാടകങ്ങളുമൊക്കെ ചെയ്താണ് ഞാന്‍ വരുന്നത്. തീയേറ്ററിലാണ് കുറച്ചുകൂടി ക്രിയേറ്റീവ് കാര്യങ്ങള്‍ ചെയ്യാനാകുക. എനിക്ക് ഊര്‍ജ്ജം വീണ്ടെടുക്കാന്‍ കഴിയക നാടകത്തിലൂടെയാണ്. അതുകൊണ്ടുതന്നെ, പല ഫിലിം പ്രൊജക്ടുകളും വരുന്നുണ്ടെങ്കിലും ബാല്യകാല സഖി കഴിഞ്ഞാല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് നാടകമാണ്. ഷേക്സീപീരിയന്‍ പ്രൊജക്ട് ആണ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.



Share This Post →

No comments:

Post a Comment