മലയാളത്തിലും പറയാം; 'യന്തിരന്‍' കേള്‍ക്കും

തേഞ്ഞിപ്പലം: മലയാളത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍
പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഗവേഷണത്തിലാണ് കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സെന്ററിലെ പി.വിവേക്. വിവേക് തയ്യാറാക്കിയ മാതൃക വയനാട്ടില്‍ നടന്ന സംസ്ഥാന ശാസ്ത്രകോണ്‍ഗ്രസില്‍ ഏറെ ശ്രദ്ധനേടി.

വകുപ്പ് മേധാവിയായ ഡോ. വി.എല്‍. ലജീഷിന് കീഴിലാണ് ഗവേഷണം. ഇംഗ്ലീഷില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യര്‍ പലതുണ്ട്. എന്നാല്‍ പ്രാദേശിക ഭാഷ മനസ്സിലാക്കി പ്രതികരിക്കുന്നവ ചുരുക്കമാണ്. മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമാകും ഇതെന്ന് ഡോ. ലജീഷ് പറഞ്ഞു.

'മലയാളം സ്പീച്ച് കണ്‍ട്രോളര്‍ മള്‍ട്ടി പര്‍പ്പസ് റോബോട്ടിക് ആം' എന്നാണ് ഈ യന്ത്രക്കൈയ്ക്ക് നല്‍കിയിരിക്കുന്ന പേര്. ഇടത്തോട്ട്, വലത്തോട്ട്, എടുക്കുക, വെക്കുക തുടങ്ങിയ എട്ട് നിര്‍ദേശങ്ങളാണ് ഇപ്പോള്‍ അനുസരിക്കുന്നത്. രണ്ട് വര്‍ഷമായി ഇതില്‍ ഗവേഷണം തുടരുകയാണ്.

മാത് ലാബ് എന്ന പ്രോഗ്രാമിങ്ങ് ഭാഷയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം. കമ്പ്യൂട്ടറുമായി ഘടിപ്പിക്കുന്ന റോബോട്ട് സ്പീക്കറിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കും. നിര്‍ദേശം നല്‍കുന്ന ഒരു വ്യക്തിയെ മാത്രം അടിസ്ഥാനമാക്കിയോ ഏതൊരാളും നല്‍കുന്ന നിര്‍ദേശമനുസരിച്ചോ റോബോട്ടിന് ചലിക്കാനാകും.

ചലനശേഷിയില്ലാത്തവരുടെ വീല്‍ചെയറുകള്‍, എസ്‌കവേറ്റര്‍ പോലുള്ള വലിയ യന്ത്രങ്ങള്‍ എന്നിവയെല്ലാം പ്രാദേശിക ഭാഷയില്‍ നിയന്ത്രിക്കാവുന്ന തരത്തില്‍ സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ടെലിഫോണ്‍ ഓപ്പറേറ്റര്‍ ഇല്ലാതെ തന്നെ അന്വേഷകന്റെ ശബ്ദത്തില്‍ നിന്ന് കാര്യം മനസ്സിലാക്കി വേണ്ടിടത്തേക്ക് കണക്ട് ചെയ്യുന്നതിനുള്ള ഐ.വി.ആര്‍.എസ്. സംവിധാനത്തെക്കുറിച്ചും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് വേണ്ടിയാണ് ഈ സംരംഭം.

Share This Post →

No comments:

Post a Comment