'അതിര്‍ത്തികളില്ലാത്ത രാജ്യം' എന്ന വിശേഷണമുള്ള ഫെയ്‌സ് ബുക്കിന്റെ സ്രഷ്ടാവിനെക്കുറിച്ച്...
ഫെയ്‌സ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍, അത് ജനസംഖ്യകൊണ്ട് ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായിത്തീര്‍ന്നേനെ എന്ന് ഫെയ്‌സ്ബുക്കില്‍തന്നെ ഒരാള്‍ കുറിച്ചിടുകയുണ്ടായി. ഒരു ബില്യനിലധികം അംഗങ്ങളുള്ള ഫെയ്‌സ്ബുക്ക് ഇന്ന് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്നതിനപ്പുറം ഒരു സംസ്‌കാരമായി ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു.
കേവലം പത്തുവയസ്സുമാത്രമേ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സെറ്റിനുള്ളൂ. എന്നാല്‍, ഇന്ന് ഭൂമിയില്‍ 13-ല്‍ ഒരാള്‍ ഫെയ്‌സ്ബുക്കില്‍ അംഗമാണ്. ഒരു ബില്യന്‍ അംഗങ്ങളില്‍ പകുതിയിലധികം പേരും ദിവസവും എത്തുന്ന ഫെയ്‌സ്ബുക്ക് അങ്ങനെ ആശയവിനിമയലോകത്തിലെ ഏറ്റവും സജീവമായ ഇടമായും മാറിയിരിക്കുന്നു.
ഓരോ 20 മിനിറ്റിലും ഫെയ്‌സ്ബുക്കില്‍ സംഭവിക്കുന്നത് ഇത്രയുമാണ്: 1,00,000 ലിങ്കുകള്‍ പങ്കുവെക്കപ്പെടുന്നു. 14,84,000 പുതിയ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. 13,23,000 ഫോട്ടോകള്‍ ടാഗുചെയ്യപ്പെടുന്നു. 18,51,000 സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഉണ്ടാകുന്നു. 1972 മില്യണ്‍ സൗഹൃദാഭ്യര്‍ഥനകള്‍ സ്വീകരിക്കപ്പെടുന്നു. 27,16,000 ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു. 27,16,000 സന്ദേശങ്ങള്‍ അയയ്ക്കപ്പെടുന്നു...
2004 ഫിബ്രവരി നാലിനാണ് മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന 19 കാരനായ അമേരിക്കന്‍ വിദ്യാര്‍ഥി തന്റെ മൂന്ന് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഫെയ്‌സ്ബുക്കിന് തുടക്കംകുറിച്ചത്. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നു അന്ന് സക്കര്‍ബെര്‍ഗ്.
ഡെന്റിസ്റ്റായ എഡ്വേര്‍ഡിന്റെയും സൈക്യാട്രിസ്റ്റായ കാരേന്റെയും മകനായി 1984 മെയ് 14 ന് ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സില്‍ ജനിച്ച സക്കര്‍ബെര്‍ഗ് 12 വയസ്സുള്ളപ്പോള്‍ത്തന്നെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ സൃഷ്ടിച്ചുതുടങ്ങിയിരുന്നു. 'സുക്ക്‌നെറ്റ്' എന്നപേരില്‍ അക്കാലത്തുതന്നെ ആ കുട്ടി ഒരു മെസ്സേജിങ് പ്രോഗ്രാം നിര്‍മിച്ചുവത്രെ!
2002- ലാണ് സക്കര്‍ബെര്‍ഗ് ഹാര്‍വാഡിലെത്തുന്നത്. അവിടെവെച്ച് 'കോഴ്‌സ്മാച്ച്', 'ഫെയ്‌സ് മാഷ്' എന്നീ രണ്ട് പ്രോഗ്രാമുകള്‍ ആ യുവാവ് നിര്‍മിച്ചു. അതിനുശേഷം തന്റെ സഹപാഠികളായ ദിവ്യനരേന്ദ്ര, ട്വിന്‍സ് കാമറൂണ്‍, ടെലര്‍ വിന്‍ക്‌ലൊസ് എന്നിവരുമായി ചേര്‍ന്ന് ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിനും സക്കര്‍ബെര്‍ഗ് രൂപം നല്‍കിയിരുന്നു - ഹാര്‍വാഡ് കണക്ഷന്‍ എന്നപേരില്‍.
സക്കര്‍ബെര്‍ഗിന് മറ്റൊരു സ്വകാര്യ സ്വപ്നമുണ്ടായിരുന്നു: ഉപയോക്താക്കള്‍ക്ക് സ്വന്തമായി പ്രൊഫൈലുകള്‍ നിര്‍മിക്കാനും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനും പരസ്പരം ബന്ധപ്പെടാനും സൗകര്യമുള്ള ഒരു സൈറ്റ് രൂപപ്പെടുത്തുക. അങ്ങനെയാണ് എഡ്വേര്‍ഡോ സാവെറിന്‍, ഡസ്റ്റിന്‍ മോസ്‌കോവിറ്റ്, ക്രിസ് ഹ്യൂഗ്‌സ് എന്നീ സുഹൃത്തുക്കളുടെ സഹകരണത്തോടെ 2004 ഫിബ്രുവരി നാലിന് 'ഫെയ്‌സ്ബുക്കി'ന് തുടക്കം കുറിക്കുന്നത്. കാമ്പസിലെത്തുന്ന പുതിയ വിദ്യാര്‍ഥികള്‍ക്ക് അവരുടെ സഹപാഠികളുമായി ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കാന്‍ പ്രയോജനപ്പെടും വിധമായിരുന്നു അതിന്റെ നിര്‍മിതി.
തുടക്കത്തില്‍ ഹാര്‍വാഡ് കാമ്പസിലെ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഫെയ്‌സ്ബുക്കില്‍ അംഗമാകാന്‍ കഴിയുമായിരുന്നുള്ളൂ. പിന്നീട് എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തതോടെ ചുരുങ്ങിയനാള്‍കൊണ്ട് അത് ഹാര്‍വാഡിന്റെ അതിരുകള്‍ ഭേദിച്ച്, ഭൂഖണ്ഡങ്ങള്‍ കടന്ന്, അതിരുകളില്ലാത്ത സൈബര്‍ സാമ്രാജ്യമായിത്തീര്‍ന്നു.
അധികംവൈകാതെ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സക്കര്‍ബെര്‍ഗിന് ബിരുദപഠനം ഉപേക്ഷിക്കേണ്ടിവന്നു. അതിനിടയിലാണ് ഹാര്‍വാഡിലെ സഹപാഠികളും ഹാര്‍വാഡ് കണക്ഷന്‍ പ്രോജക്ടില്‍ സക്കര്‍ബെര്‍ഗിനോടൊപ്പം പ്രവര്‍ത്തിച്ചിരുന്നവരുമായ പഴയ സുഹൃത്തുക്കള്‍ ട്വിന്‍സ് കാമറൂണും ടെലര്‍ വിന്‍ക്‌ലോസും ഇന്ത്യന്‍ വംശജനായ ദിവ്യനരേന്ദ്രയും ഗുരുതരമായ ഒരു ആരോപണം അദ്ദേഹത്തിനുനേരേ ഉന്നയിച്ചത്. തങ്ങള്‍ കൂട്ടായി ആലോചിച്ചിരുന്ന ഒരു പ്രോജക്ടിന്റെ ആശയമാണ് സക്കര്‍ബെര്‍ഗ് 'ഫെയ്‌സ്ബുക്ക്' എന്നപേരില്‍ സാക്ഷാത്കരിച്ചത് എന്നായിരുന്നു ആരോപണം. അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ആ വിവാദം ഏറ്റെടുത്തതോടെ സഹപാഠികള്‍ തമ്മിലുള്ള ഈ തര്‍ക്കം ഒടുവില്‍ കോടതിയിലെത്തി. എന്നാല്‍, കോടതിക്ക് പുറത്തുവെച്ച് ഒരു ഒത്തുതീര്‍പ്പിലൂടെ സക്കര്‍ബെര്‍ഗ് അതിനെ അതിജീവിച്ചു.
ഫെയ്‌സ്ബുക്കിന്റെ വിജയകഥ ഒരു ഹോളിവുഡ് ചലച്ചിത്രത്തിനും വിഷയമായിട്ടുണ്ട്. 'ദ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്' എന്ന ആ ചലച്ചിത്രം എട്ട് അക്കാദമി നോമിനേഷനുകള്‍ക്ക് അര്‍ഹമായി. ടൈം മാഗസിന്‍ 2010 ലെ 'പേഴ്‌സണ്‍ ഓഫ് ദ ഇയര്‍' ആയി സക്കര്‍ബെര്‍ഗിനെ തിരഞ്ഞെടുത്തു. ഫോര്‍ബ്‌സ് മാഗസിനിന്റെ സമ്പന്നരുടെ പട്ടികയില്‍ ആപ്പിള്‍ സി.ഇ.ഒ. സ്റ്റീവ് ജോബ്‌സിനെ പിന്തള്ളി സക്കര്‍ബെര്‍ഗ് 35 ാമത്തെ സ്ഥാനം നേടി. മെയ് 2013 ല്‍ ഫോര്‍ച്യൂണ്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച ലോകത്തിലെ 500 വിജയികളായ സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും പ്രായംകുറഞ്ഞ സി.ഇ. ഒ. ആയിരുന്നു 28 കാരനായ സക്കര്‍ബെര്‍ഗ്.
മനുഷ്യജീവിതം ഭൗതികമായി ചിതറിപ്പോകുകയും വ്യക്തികള്‍ ഒറ്റപ്പെട്ടുപോവുകയും ചെയ്യുന്ന കാലത്ത് ഫെയ്‌സ്ബുക്കുപോലുള്ള നവമാധ്യമങ്ങള്‍ സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടെയും കണ്ണികള്‍ മുറിഞ്ഞുപോകാതെ കാക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. കാണാതായവരെ കണ്ടെത്തുന്നതില്‍, ചികിത്സയ്ക്ക് നിവൃത്തിയില്ലാതെ വിധിക്കുമുന്നില്‍ പകച്ചുനില്‍ക്കുന്ന നിരാലംബര്‍ക്ക് സുമനസ്സുകളുടെ സഹായമെത്തിക്കുന്നതില്‍, മനുഷ്യത്വത്തിന്റെയും നന്മയുടെയും അവശേഷിപ്പുകളെ വെളിച്ചത്തുകൊണ്ടുവരുന്നതില്‍... ഇക്കാര്യങ്ങളിലൊക്കെ ഫെയ്‌സ്ബുക്ക് വഹിക്കുന്ന പങ്ക് കാണാതിരുന്നു കൂടാ.
ഫെയ്‌സ്ബുക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാമൂഹികമുന്നേറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ചാലകശക്തിയായിത്തീര്‍ത്തിട്ടുണ്ട്. 'മുല്ലപ്പൂ വിപ്ലവം' എന്നുപേരിട്ടുവിളിച്ച, ചില അറബ് രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളുടെ പിന്നില്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ നിര്‍ണായക പങ്കുവഹിച്ചു. ന്യൂഡല്‍ഹിയില്‍ അണ്ണ ഹസാരെയുടെ സമരങ്ങളും 'നിര്‍ഭയ' സംഭവവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും ഇന്ത്യയിലെ ഉദാഹരണങ്ങളാണ്. മാധ്യമ രാജാക്കന്മാരായ ബി. ബി.സി.ക്കും സി.എന്‍.എന്നിനുമൊക്കെ ഇന്ന് ഫെയ്‌സ്ബുക്ക് പേജുകളുണ്ട്.
വിധ്വംസകവും വിഭാഗീയവും സാമൂഹികവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കും അപൂര്‍വമായെങ്കിലും ഫെയ്‌സ്ബുക്ക് ഇടംനല്‍കുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. ചൈന, പാകിസ്താന്‍, ഇറാന്‍, ബംഗ്ലാദേശ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കപ്പെട്ടത് ഇക്കാരണങ്ങളാലാണ്.
മലയാളികളുടെ സാമൂഹികജീവിതത്തിലും ഫെയ്‌സ്ബുക്ക് ഇന്ന് നിര്‍ണായക സ്വാധീനം ചെലുത്തുന്നു. 'ഫെയ്‌സ്ബുക്ക് അഡിക്ഷന്‍' ബാധിച്ച അനേകം ചെറുപ്പക്കാരെ നമുക്ക് കണ്ടെത്താനാകും. അമിത താത്പര്യത്തോടെ ഫെയ്‌സ്ബുക്കില്‍ കുടുങ്ങി കഥയില്ലായ്മകളിലും ചാറ്റിങ്ങിലും പ്രേമസല്ലാപങ്ങളിലും മുഴുകി സമയം പാഴാക്കുന്നവര്‍. സ്വന്തം ഫോട്ടോകള്‍ നിരന്തരം പോസ്റ്റുചെയ്യുക, ചാറ്റിങ് നടത്തുക എന്നിവയൊക്കെയാണ് ഈ 'മുഖപുസ്തകപ്പുഴു'ക്കളുടെ മുഖ്യപരിപാടി.
ഫെയ്‌സ്ബുക്കിനോടുള്ള തന്റെ സമീപനം സക്കര്‍ബെര്‍ഗ് ഇങ്ങനെയാണ് വ്യക്തമാക്കിയത്: '' ഞങ്ങള്‍ ഫെയ്‌സ്ബുക്ക് സൃഷ്ടിച്ചത് ഒരു കമ്പനിയായല്ല, ലോകത്തെ കൂടുതല്‍ തുറന്നതും പരസ്പരബന്ധിതവുമാക്കുന്ന ഒരു സാമൂഹികദൗത്യമായാണ.്''
അതിര്‍ത്തികള്‍ മാഞ്ഞുപോകത്തക്കവണ്ണം തുറന്നതും പരസ്പരം ഇഴചേര്‍ക്കപ്പെട്ടതുമായ ഒരു ലോകജനതയെക്കുറിച്ചുള്ള കാല്പനികനായ ഒരു ചെറുപ്പക്കാരന്റെ വാക്കുകള്‍: എത്ര മനോഹരമായ 'നടപ്പിലായ' സ്വപ്നം! (മാതൃഭൂമി വാരാന്തപ്പതിപ്പ് (ഫിബ്രവരി 2, 2014) പ്രസിദ്ധീകരിച്ചത്)
No comments:
Post a Comment