ഇന്ത്യയുടെ ഒളിമ്പിക് വിലക്ക് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനുശേഷം
ഇന്ത്യ വീണ്ടും ഒളിമ്പിക് പ്രസ്ഥാനത്തില്‍ തിരിച്ചെത്തി. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്. മൂന്ന് ഐ.ഒ.സി. നിരീക്ഷകരുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയ വിലക്ക് നീക്കാന്‍ തീരുമാനമായത്.

ലോക സ്‌ക്വാഷ് ഫെഡറേഷന്‍ മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ .ശ്രീനിവാസന്റെ സഹോദരനുമായ എന്‍ . രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷന്‍ . വിലക്ക് നീക്കിയതായി ഐ.ഒ.സി. ഭാരവാഹികള്‍ ടെലിഫോണ്‍ വഴി അറിയിക്കുകയായിരുന്നുവെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു.

അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന് ഇപ്പോള്‍ സോച്ചിയില്‍ നടന്നുവരുന്ന ശീതകാല ഒളിമ്പിക്‌സില്‍ ഒളിമ്പിക് അസോസിയേഷന്റെ പതാകയേന്തിയാണ് ഇന്ത്യന്‍ താരങ്ങള്‍ മാറ്റുരയ്ക്കുന്നത്.

ഒളിമ്പിക് പ്രസ്ഥാനത്തില്‍ തിരിച്ചെത്താനായി ജൂലായ് 15ന് മുന്‍പ് ഭരണഘടന ഭേദഗതി ചെയ്യുകയും ഐ.ഒ.സി.യുടെ മേല്‍നോട്ടത്തില്‍ സപ്തംബര്‍ ഒന്നിനകം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യണമെന്നതായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. ഇത് അംഗീകരിക്കാന്‍ ഐ.ഒ.എ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ , കളങ്കിതരുടെ കാര്യത്തില്‍ ഐ.ഒ.സി. ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഐ.ഒ.എ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു.

Share This Post →

No comments:

Post a Comment