14,990 രൂപയ്ക്ക് സോളോ ക്യു1100 വാങ്ങാം

55,000 കോടി രൂപയുടെ വാര്‍ഷികവിപണിയാണ് ഇന്ത്യയില്‍
മൊബെല്‍ഫോണുകളഒടേത്. ഇതില്‍ 14 ശതമാനം വില്പന നാല് ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമാക്കിയിരിക്കുകയാണ്. മൈക്രോമാക്‌സ്, കാര്‍ബണ്‍, ലാവ, ഇന്‍ടെക്‌സ് എന്നിവയാണീ കമ്പനികള്‍. വിപണിപ്രാതിനിധ്യം വര്‍ധിപ്പിക്കാനായി ഹൈ-എന്‍ഡ് ഫോണുകളിറക്കുന്നതില്‍ മത്സരിക്കുകയാണ് ഇന്ത്യന്‍ മൊബൈല്‍ കമ്പനികള്‍.

മൂവായിരത്തില്‍ താഴെ വില വരുന്ന ബേസിക് മോഡലുകള്‍ മാത്രമിറക്കി കാലം കഴിച്ചതൊക്കെ കമ്പനികള്‍ എന്നേ മറന്നുപോയിരിക്കുന്നു. സാംസങിന്റെയും നോക്കിയയുടെയും സോണിയുടെയുമൊക്കെ സ്മാര്‍ട്‌ഫോണുകളെ കിടപിടിക്കുന്ന മോഡലുകള്‍ ഇറക്കുന്നതിലാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.

ഡല്‍ഹിക്കടുത്തുള്ള നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലാവ മൊബൈല്‍ കമ്പനി അതിവേഗം വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണ്. ഐറിസ് എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്‌ഫോണുകളിറക്കുന്ന കമ്പനി 'സോളോ' സീരീസില്‍ വില കൂടിയ ഫോണുകളുമിറക്കിത്തുടങ്ങിയിരിക്കുന്നു. പ്രതിമാസം 70,000 ഹാന്‍ഡ്‌സെറ്റുകള്‍ ലാവ വില്‍ക്കുന്നുണ്ടിപ്പോള്‍.

സോളോ ക്യൂ സീരീസില്‍ ഏറ്റവും പുതിയ മോഡല്‍ കമ്പനി കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിട്ടുണ്ട്. സോളോ ക്യു1100 ( Xolo Q1100 ) എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 14,990 രൂപയാണ് വില. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഫോണ്‍ എന്ന് വിപണിയിലെത്തും എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

720 X 1280 പിക്‌സല്‍ റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എച്ച്.ഡി. ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ചൈനീസ് കമ്പനിയായ ജിയോണി ആദ്യമായി അവതരിപ്പിച്ച വണ്‍ ഗ്ലാസ് സൊല്യൂഷന്‍ ഡിസ്‌പ്ലേ ഇതിലുമുണ്ട്. പ്രശസ്ത സ്‌ക്രീന്‍ ഡിസ്‌പ്ലേ നിര്‍മാണകമ്പനിയായ കോര്‍ണിങിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമാണിത്.

രണ്ട് ചില്ലുപാളികള്‍ ഉപയോഗിച്ചുകൊണ്ടാണ് സാധാരണ ടച്ച്‌സ്‌ക്രീനുകള്‍ പ്രവര്‍ത്തിക്കുത്. ഒന്ന് ടച്ച് സെന്‍സറായും മറ്റൊന്ന് സെന്‍സറിന്റെ സംരക്ഷണകവചമായും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഒ.ജി.എസ്. സ്‌ക്രീനില്‍ രണ്ടിനുപകരം ഒറ്റചില്ലുപാളിയേ ഉണ്ടാകു. ഹാന്‍ഡ്‌സെറ്റിന്റെ ഭാരം കുറയ്ക്കാനും ഡിസ്‌പ്ലേമികവ് വര്‍ധിപ്പിക്കാനും ഒ.ജി.എസ്. സ്‌ക്രീനിനാകും.

ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ വെര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. 1.4 ഗിഗാഹെര്‍ട്‌സിന്റെ ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ഒരു ജി.ബി. റാം, അഡ്രിനോ 305 ജി.പി.യു., എട്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയാണ് ക്യൂ 1100 യുടെ ഹാര്‍ഡ്‌വേര്‍ സ്‌പെസിഫക്കേഷന്‍. 32 ജി.ബി. വരെയുളള എസ്.ഡി. കാര്‍ഡ് ഇതില്‍ പ്രവര്‍ത്തിപ്പിക്കാനാകും.

ബി.എസ്.ഐ. സെന്‍സറും എല്‍.ഇ.ഡി. ഫ് ളാഷുമുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് ഫോണിലുള്ളത്. രണ്ട് മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമുണ്ട്.

കണക്ടിവിറ്റിക്കായി ത്രിജി, ജി.പി.ആര്‍.എസ്., ജി.പി.എസ്., വൈഫൈ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന ഫോണില്‍ 2000 എം.എ.എച്ച്. ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. തുടര്‍ച്ചയായ 24 മണിക്കൂര്‍ സംസാരസമയവും 600 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 

Share This Post →

No comments:

Post a Comment