ഇന്ത്യക്ക് 315 റണ്‍ വിജയലക്ഷ്യം

ഇശാന്ത് ശര്‍മയെ ഒഴിവാക്കിയിട്ടും ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൌളിംഗിന് താളം കണ്ടെത്താനായില്ല. ഓപ്പണര്‍ ഗുപ്റ്റിലിന്‍റെ എണ്ണംപറഞ്ഞ ശതകത്തിന്‍റെ പിന്‍ബലത്തില്‍ കിവികള്‍ ഒരിക്കല്‍ കൂടി കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ 314 റണ്‍സാണ് ആതിഥേയര്‍ അടിച്ചു കൂട്ടിയത്. ടോസ് നഷ്ടപ്പെട്ട് മൂന്നാം തവണയും ബാറ്റിംഗിന് അയക്കപ്പെട്ട ന്യൂസിലാന്‍ഡിന് അഞ്ചാം ഓവറില്‍ 20 റണ്‍സെടുത്ത റെയ്ഡറെ നഷ്‍ടപ്പെട്ടു. കിവി പക്ഷികള്‍ ചിറക് വിടര്‍ത്തി പറക്കുന്നതാണ് പിന്നെ കണ്ടത്. ക്രീസിലൊന്നിച്ച ഗുപ്റ്റിലും വില്യംസണും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ കണ്ടെത്തിയത് വിലപ്പെട്ട 153 റണ്‍സാണ്. കൌമാര പ്രതിഭാസം ആന്‍ഡേഴ്സണ്‍ പരമ്പരയിലാദ്യമായി പരാജയപ്പെട്ടതും സെഞ്ച്വറി തികച്ച ഗുപ്റ്റില്‍ (111) മടങ്ങിയതും ഇന്ത്യക്ക് ആശ്വാസമായി. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ബൌളര്‍മാര്‍ ചരടുവലിച്ചു. ഇതിനിടെ ടെയ്‍ലറും നായകന്‍ മക്കല്ലമും കൂടാരം കയറി.
സമ്മര്‍ദത്തിന്‍റെ പിടിയിലേക്ക് വഴുതി വീഴുന്ന ആതിഥേയര്‍ക്ക് ആഹ്‍ളാദം പകര്‍ന്ന് വിക്കറ്റ് കീപ്പര്‍ റോഞ്ചി മിന്നലടികുളുമായി ഇന്ത്യയെ നെടുകെ പിളര്‍ന്നു, 20 പന്തുകളില്‍ നിന്നും 38 റണ്‍സെടുത്ത കിവിതാരം മൂന്നു തവണ പന്ത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. മൂന്ന് ബൌണ്ടറികള്‍ കൂടി അടങ്ങുന്നതായിരുന്നു ആ വിസ്ഫോടനം. അവസാന ഓവറുകളില്‍ ഇന്ത്യയെ കശാപ്പ് ചെയ്യുന്ന ദൌത്യം സൌത്തി ഏറ്റെടുത്തതോടെ ആതിഥേയരുടെ സ്കോര്‍ 300 കടന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും മുഹമ്മദ് സമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി

Share This Post →

No comments:

Post a Comment