കടയില്‍ പിന്‍ നമ്പര്‍ ഉപയോഗിച്ച ചെറുപ്പക്കാരന്റെ അക്കൌണ്ടില്‍നിന്ന് വെയ്റ്റര്‍ അരലക്ഷം രൂപ തട്ടി

മുംബൈ: ഷോപ്പിങ്ങിന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ തട്ടിപ്പുകളില്‍നിന്ന് രക്ഷപ്പെടാന്‍ ഓരോ തവണയും പിന്‍ നമ്പര്‍ ഉപയോഗിക്കണമെന്ന പുതിയ റിസര്‍വ് ബാങ്ക് ഉത്തരവിന് തൊട്ടുപിന്നാലെ മുംബെയില്‍നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത. ഷോപ്പിങ്ങിന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും പിന്‍ നമ്പര്‍ നല്‍കുകയും ചെയ്ത ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്ന് അര ലക്ഷം രൂപ കടയിലെ ജീവനക്കാരന്‍ തട്ടിയെടുത്തു. ഉപഭോക്താവിന്റെ ഡെബിറ്റ് കാര്‍ഡ് കടയില്‍ അബദ്ധത്തില്‍ മറന്നു വെക്കുകയായിരുന്നു. പിന്‍ നമ്പര്‍ ശ്രദ്ധിച്ച ജീവനക്കാരന്‍ ഈ കാര്‍ഡ് ഉപയോഗിച്ച് പിന്‍ നമ്പര്‍ ടൈപ്പു ചെയ്ത് തുക തട്ടിയെടുക്കുകയായിരുന്നു.

മുംബൈയിലെ കഫേ പരേഡിലെ പ്രശസ്തമായ കഫേ മോഷെയിലാണ് സംഭവം. ഈ സ്ഥാപനത്തിലെ വെയ്റ്ററെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൈക്കുള സ്വദേശിയായ ബി.ബി.എ വിദ്യാര്‍ത്ഥി മുര്‍തസ ഹുസൈന്‍ വാഹ്നവതി എന്ന ഉപഭോക്താവിന്റെ അക്കൌണ്ടില്‍നിന്നാണ് വന്‍ തുക ഇയാള്‍ പിന്‍വലിച്ചത്. ജനുവരി 18നാണ് സംഭവം നടന്നത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഹുസൈന്‍ തന്റെ ഡെബിറ്റ് കാര്‍ഡ് കാഷ് കൌണ്ടറിനടുത്ത് മറന്നു വെക്കുകയായിരുന്നു.

കാശ് നല്‍കിയ ശേഷം കടയില്‍നിന്നു പോയ ഹുസൈന്റെ അക്കൌണ്ടില്‍നിന്ന് അര ലക്ഷം രൂപ മൂന്ന് തവണയായാണ് പിന്‍വലിച്ചത്. പണം പിന്‍വലിച്ചുവെന്ന് എസ്.എം.എസ് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാര്‍ഡ് നഷ്ടപ്പെട്ട വിവരം ഹുസൈന്‍ അറിഞ്ഞത്. തുടര്‍ന്ന് കഫേയിലെത്തി ഇക്കാര്യം അറിയിച്ച ഹുസൈന്‍ പൊലീസിലും പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനാണ് പണം തട്ടിയെടുത്തത് എന്നു മനസ്സിലായത്. ആദ്യം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തട്ടിയെടുത്ത പണം പൊലീസ് കണ്ടെത്തി. സംഭവത്തില്‍ പ്രതികരിക്കാന്‍ കഫേ മാനേജ്മെന്റ് തയ്യാറായില്ല. 

Share This Post →

No comments:

Post a Comment