ഐഫോണ്‍ 6 ല്‍ 'സഫയര്‍ ക്രിസ്റ്റല്‍ ഡിസ്‌പ്ലേ'യെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ അടുത്ത തലമുറ ഐഫോണ്‍ അഞ്ചിഞ്ച് 'സഫയര്‍
ഡിസ്‌പ്ലേ'യുള്ളതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. കോര്‍ണിങ് ഗൊറില്ല ഗ്ലാസിന് പകരം, സഫയര്‍ ഡിസ്‌പ്ലേ ആയിരിക്കും ഐഫോണ്‍ 6 ല്‍ എന്ന വിവരം 9to5Mac നടത്തിയ അന്വേഷണത്തിലാണ് വെളിവായത്.

ജി ടി അഡ്വാന്‍സ് ടെക്‌നോളജീസ് ( GTAT ) കമ്പനി അതിന്റെ അരിസോണയിലെ മെസയിലുള്ള നിര്‍മാണകേന്ദ്രത്തില്‍ , 10-20 കോടി അഞ്ചിഞ്ച് ഡിസ്‌പ്ലേയ്ക്ക് ആവശ്യമായ സഫയര്‍ ക്രിസ്റ്റല്‍ ആപ്പിളിനുവേണ്ടി നിര്‍മിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

2007 ല്‍ ആപ്പിള്‍ ആദ്യമായി ഐഫോണ്‍ അവതരിപ്പിച്ചതു മുതല്‍ പോറല്‍ വീഴാത്ത ഗൊറില്ല ഗ്ലാസാണ് ഐഫോണിലുണ്ടായിരുന്നത്. യഥാര്‍ഥത്തില്‍ , അത്തരമൊരു ഉത്പന്നത്തിന് വേണ്ടി അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് വലിയ അന്വേഷണം തന്നെ നടത്തിയതായി, വാള്‍ട്ടര്‍ ഇസാക്‌സണ്‍ രചിച്ച സ്റ്റീവിന്റെ ജീവചരിത്രത്തില്‍ പറയുന്നു.

ആ അന്വേഷണത്തിന്റെ ഫലമായി കോര്‍ണിങ് കമ്പനി 1960 കളില്‍ വികസിപ്പിച്ച ഗൊറില്ല ഗ്ലാസിനെക്കുറിച്ച് സ്റ്റീവ് അറിയുകയായിരുന്നു. ആ ഗ്ലാസാണ് പിന്നീട് കോടിക്കണക്കിന് ഐഫോണുകളുടെ ഡിസ്‌പ്ലേയ്ക്ക് ഉപയോഗിച്ചത്. ആപ്പിള്‍ ഐഫോണിന്റെ മാത്രമല്ല, മറ്റ് കമ്പനികളിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും ഗൊറില്ല ഗ്ലാസ് കുടിയേറി. അതാകാം ഇപ്പോള്‍ ആപ്പിളിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്.

അതീവ കാഠിന്യമേറിയ ഗൊറില്ല ഗ്ലാസ് പോറല്‍ വീഴാത്തതാണെങ്കില്‍ , അതിലും മെച്ചപ്പെട്ട ഗ്ലാസാണ് സഫയര്‍ ക്രിസ്റ്റല്‍ . പോറല്‍ വീഴില്ലെന്നു മാത്രമല്ല, ഫലത്തില്‍ പൊട്ടിക്കാനേ കഴിയാത്ത ഡിസ്‌പ്ലേയാണ് സഫയര്‍ ക്രിസ്റ്റല്‍ കൊണ്ടുണ്ടാക്കുന്നത്.

ഭൂമിയിലെ ഏറ്റവും കാഠിന്യമേറിയ ധാതുക്കളിലൊന്നാണ് സഫയര്‍ ഗ്ലാസ്. അതിന് പോറലേല്‍പ്പിക്കാന്‍ വജ്രം കൊണ്ട് മാത്രമേ സാധിക്കൂ. ഭൂമുഖത്തെ ഏറ്റവും കാഠിന്യമേറിയ വസ്തുക്കളില്‍ രണ്ടാംസ്ഥാനമാണ് സഫയര്‍ ഗ്ലാസിനുള്ളത്. ഒന്നാംസ്ഥാനം വജ്രത്തിനും.

നിലവില്‍ ചില വിലയേറിയ വാച്ചുകളിലും 'വെര്‍ടു' ( Vertu ) വിന്റെ സ്മാര്‍ട്ട്‌ഫോണുകളിലും മാത്രമാണ് സഫയര്‍ ഗ്ലാസ് ഉപയോഗിക്കുന്നത്. ഗൊറില്ല ഗ്ലാസില്‍ ഒരു സുതാര്യപശ കൊണ്ട് ഒട്ടിച്ചേര്‍ത്ത വിധത്തില്‍ സഫയര്‍ ഗ്ലാസിന്റെ ചെറിയൊരു പാളി ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരുന്നു.

ഗൊറില്ല ഗ്ലാസിനെ അപേക്ഷിച്ച് രണ്ടര മുതല്‍ മൂന്നു മടങ്ങ് വരെ കരുത്തേറിയതാണ് സഫയര്‍ ഗ്ലാസ്. അതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ പോറല്‍ വീഴില്ല എന്നു മാത്രമല്ല, തറയില്‍ വീണാലും അതിന് കുഴപ്പം പറ്റില്ല (കടപ്പാട് : 9to5Mac ).

Share This Post →

No comments:

Post a Comment