പുതുമകളുടെ 'പകിട'കളി

'കളി ചിലപ്പോള്‍ കാര്യമാകാം' എന്ന ടാഗ് ലൈനുമായി എത്തുകയാണ് 'പകിട' എന്ന ചിത്രം.
കൊച്ചിയില്‍ തങ്ങളുടേതായ ലോകത്ത് ഉല്ലാസപൂര്‍വ്വം കഴിയുന്ന അഞ്ച് സുഹൃത്തുക്കളുടെയും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ജോര്‍ജ്ജ് കോശി ആന്ത്രപ്പേര്‍ എന്ന ജി.കെയുടെ നിഗൂഢ വ്യക്തിത്വത്തിന്റെയും കഥയാണ് ചിത്രം. പ്രായത്തിന്റെ എടുത്തുചാട്ടത്തില്‍ യുവാക്കള്‍ എത്തിപ്പെടുന്ന പ്രശ്‌നങ്ങളും ഈ റോഡ് മൂവിയിലൂടെ പറയുന്നുണ്ട്.

ജി.കെ യുടെ പണമെന്ന പ്രലോഭനത്തില്‍ വീണ് അയാള്‍ക്കൊപ്പം യാത്രതിരിക്കുന്ന ആദി എന്ന യുവാവ് ചെന്നുചേരുന്നത് തമിഴ്‌നാട്ടിലാണ്. എന്തൊക്കെയോ ലക്ഷ്യങ്ങളും നിഗൂഢതകളും ഉള്ളിലൊളിപ്പിച്ച് നീങ്ങുന്ന ജി.കെ അവനെ നയിക്കുന്നത് അഴിച്ചെടുക്കാനാവാത്ത കുരുക്കുകളിലേക്കാണ്. അതില്‍ നിന്നൊക്കെ രക്ഷപ്പെടാനുള്ള ആദിയുടെ ശ്രമവും തന്റെ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള ജി.കെയുടെ തന്ത്രങ്ങളും പകിടയെ ഉദ്യോഗജനകമാക്കുന്നു.
സുഹൃത്തുക്കള്‍ക്കുവേണ്ടി ഏതറ്റം വരെയും പോകുന്ന ആദിയും തന്റെ ലക്ഷ്യസാധ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാക്കുന്ന ജി.കെയും ആണ് പകിടയിലെ മുഖ്യകഥാപാത്രങ്ങള്‍. ഒപ്പം ഇവര്‍ക്കിടയില്‍ പെട്ടുപോകുന്ന കനി എന്ന തമിഴ് പെണ്‍കുട്ടിയും പകിടയുടെ ഉള്ളിലുണ്ട്.

ചിത്രത്തിന്റെ മുക്കാല്‍ പങ്കും ചിത്രീകരിച്ചത് തമിഴ്‌നാട്ടിലാണ്. മധുര, തേനി, കമ്പം, ധനുഷ്‌ക്കോടി എന്നീ സ്ഥലങ്ങളാണ് പ്രധാന ലോക്കേഷനുകള്‍, ഒപ്പം കൊച്ചിയും. വ്യത്യസ്തമായ ഗെറ്റപ്പില്‍ ജോര്‍ജ്ജ് കോശി(ജി.കെ) ആന്ത്രപ്പേറായി ബിജുമേനോന്‍ എത്തുന്നു. 55 വയസ്സുള്ള ഇയാള്‍ക്ക് ഒരു കാലിന് മുടന്തുണ്ട്. ആസിഫ് അലിയാണ് ആദിയെ അവതരിപ്പിക്കുന്നത്. കനിയുടെ വേഷത്തില്‍ 'ഉസ്താദ് ഹോട്ടല്‍' ഫെയിം മാളവിക എത്തുന്നു.

അജു വര്‍ഗ്ഗീസ്, ഷൈന്‍ ടോംചാക്കോ, പി.ബാലചന്ദ്രന്‍, വിഷ്ണു രാഘവ്, സാജിദ്, ആന്‍ജോ, അപൂര്‍വ്വ ബോസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സുനില്‍ കാര്യാട്ടുകരയാണ് സംവിധാനം. രാജേഷ് ആര്‍, ശ്രീജിത്ത് എന്‍. എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീതം: ബിജിബാല്‍, എഡിറ്റര്‍: മനോജ്, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, ക്യാമറ: സമീര്‍ ഹക്ക്, വസ്ത്രാലങ്കാരം: സമീറ സനീഷ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.

സാഗര്‍ സിനിമയുടെ ബാനറില്‍ സാഗര്‍ ഷെരീഫും കര്‍ത്താ സീഗള്‍ഫും ചേര്‍ന്നാണ് പകിട നിര്‍മ്മിക്കുന്നത്. ഫിബ്രവരി 14-നാണ് ചിത്രത്തിന്റെ റിലീസ്.

Share This Post →

No comments:

Post a Comment