മിസ് ഇന്ത്യ 2014: ആദ്യകടമ്പ കടന്ന് മൂന്ന് മലയാളി സുന്ദരികള്‍

ബാംഗ്ലൂര്‍: ഐശ്വര്യറായ്, സുസ്മിത സെന്‍ തുടങ്ങിയ സുന്ദരികളുടെ പാത പിന്തുടരാനുള്ള തയ്യാറെടുപ്പിന് ആദ്യഘട്ടത്തില്‍ ബാംഗ്ലൂരില്‍നിന്നുള്ള 21 പേര്‍ക്ക് വിജയം. ഇതില്‍ മൂന്നുപേര്‍ കേരള സ്വദേശികളാണ്. ബാംഗ്ലൂരില്‍ വ്യാഴാഴ്ച നടന്ന മിസ് ഇന്ത്യ 2014 ഓഡിഷനിലാണ് മൂന്ന് മലയാളി പെണ്‍കുട്ടികളടക്കം 21 പേരെ അടുത്തഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്.

കൊച്ചി സ്വദേശിയും മാര്‍ക്കറ്റിങ് പ്രൊഫഷണലുമായ 23-കാരി അലീന കാതറിന്‍ ആമോന്‍, കൊച്ചി സ്വദേശിയും വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനിയും 22-കാരിയുമായ ശ്രുതി നായര്‍, കൊച്ചി സ്വദേശിയും എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുമായി 20-കാരി ഹെന്ന മരിയ കെന്നഡി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മലയാളി പെണ്‍കുട്ടികള്‍. ബാക്കിയുള്ളവരില്‍ 13 പേര്‍ ബാംഗ്ലൂര്‍ സ്വദേശികളും രണ്ടുപേര്‍ മൈസൂര്‍ സ്വദേശികളും മൂന്നുപേര്‍ ഹൈദരാബാദുകാരുമാണ്.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമായാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിന്റെ ഓഡിഷന്‍ നടക്കുന്നത്. സിറ്റി ഓഡിഷന്‍, റീജണല്‍ ഓഡിഷന്‍, സിറ്റി പേജന്‍റ് എന്നീ മൂന്ന് തലത്തിലാണ് മത്സരം. സിറ്റി ഓഡിഷന്റെ ഭാഗമായാണ് ബാംഗ്ലൂരില്‍ മത്സരം നടന്നത്. റീജണല്‍ ഓഡിഷന്‍ മൂന്ന് നഗരങ്ങളില്‍ നടക്കും. തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ മുംബൈയില്‍ നടക്കും.

Share This Post →

No comments:

Post a Comment