നാക്കു പെന്റാ നാക്കു താക്കാ

ആഫ്രിക്കയുടെ പശ്ചാത്തലത്തില്‍ ഒരു ഫാമിലി ഹ്യൂമര്‍ ചിത്രം അണിഞ്ഞൊരുങ്ങുന്നു. ചിത്രം 'നാക്കു പെന്റാ നാക്കു താക്കാ' (I love you, I want you)ആഫ്രിക്കന്‍ വാക്കാണ് നാക്കു പെന്റാ നാക്കു താക്കാ.

പഴശ്ശിരാജയ്ക്കുശേഷം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ഈ ചിത്രം പത്രപ്രവര്‍ത്തകനും ജനപ്രിയ സീരിയലുകളും ഒരുക്കിയ വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്യുന്നു. ആഫ്രിക്കന്‍ സംസ്‌കാരവും പരമ്പരാഗതമായ അവിടത്തെ ആചാരാനുഷ്ഠാനങ്ങളും ഗോത്രവര്‍ഗക്കാരുമൊക്കെ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ പ്രത്യേകതയും പ്രാധാന്യവുമാണ് തന്നെ ഈചിത്രം നിര്‍മിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് നിര്‍മാതാവായ ഗോകുലം ഗോപാലന്‍ പറഞ്ഞു. ലോകത്തിന്റെ ഏതു കോണിലായാലും ആണും പെണ്ണും പരസ്പരം അറിയുകയും മനസ്സിലാക്കുകയും വേണം. ഇതാണ് ദാമ്പത്യജീവിതത്തിന്റെ അടിസ്ഥാന തത്ത്വം. ഈ സിനിമയിലൂടെ പ്രതിപാദിക്കുന്നതും ഇതാണ്. യൂണിവേഴ്‌സലായ ഈ ഒരു പ്രമേയം മലയാളി കഥാപാത്രങ്ങളിലൂടെ ആഫ്രിക്കന്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നു.

ഭാര്യാഭര്‍ത്തൃബന്ധത്തിലെ ഉറച്ച പരസ്പരവിശ്വാസവും സ്‌നേഹവുംകൊണ്ട് ഏത് പ്രതിസന്ധിയും അതിജീവിക്കാന്‍ കഴിയുമെന്നും ഈ ചിത്രം തെളിയിക്കുന്നു. അമേരിക്ക സ്വപ്നം കണ്ട് ജീവിക്കുന്ന ഒരു സാധു പെണ്‍കുട്ടിയാണ് ശുഭ. അവളുടെ ചിന്തകളിലും സിരകളിലുമെല്ലാം അമേരിക്കയാണ്. ഈ സാഹചര്യത്തിലാണ് ശുഭയുടെ വിവാഹം നടക്കുന്നത്. അമേരിക്കക്കാരനായ വിനയ് എന്ന യുവാവാണ് ശുഭയെ വിവാഹം കഴിക്കുന്നത്. അമേരിക്കയിലേക്ക് പറന്ന ശുഭ വന്നിറങ്ങിയത് ആഫ്രിക്കയിലാണ്.

അങ്ങനെ അവളുടെ അമേരിക്കന്‍ ജീവിതത്തിന്റെ സ്വപ്നങ്ങള്‍ കരിഞ്ഞുവീണു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുടെ ഏറ്റവും രസകരമായ ചലച്ചിത്രാവിഷ്‌കാരമാണീ ചിത്രം.

ഇവിടെ ഇന്ദ്രജിത്ത് വിനയ്‌യെയും ഭാമ ശുഭയെയും അവതരിപ്പിക്കുന്നു. മുരളി ഗോപി, അനുശ്രീ, സുധീര്‍ കരമന, ശങ്കര്‍, ശശി കലിംഗ, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ബിന്ദു, പ്രദീപ് ചന്ദ്രന്‍, വേണു വഴുതക്കാട്, സേതുലക്ഷ്മി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ജയമോഹന്റെതാണ് തിരക്കഥ. വയലാര്‍ മാധവന്‍കുട്ടി, ഹരിനാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദറാണ്.

ദിഷ് ജെ. കൈമള്‍ ഛായാഗ്രഹണവും മനോജ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനം: ബൈജു പേരില്ലം, മേക്കപ്പ്: ബൈജു ബാലരാമപുരം, വസ്ത്രാലങ്കാരം: ഷിബു പരമേശ്വര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ജയന്‍ നമ്പ്യാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍. പ്രൊഡ. കണ്‍ട്രോളര്‍: ജിത്തു പിരപ്പന്‍കോട്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.

Share This Post →

No comments:

Post a Comment