ഐ സ്‌കാനറിനോടൊപ്പം ഗാലക്‌സി എസ് 5 ഏപ്രിലില്‍

മഞ്ജുവാര്യരുടെ രണ്ടാംവരവ് പോലെയാണ് സാംസങ് ഗാലക്‌സി എസ് 5 ന്റെ കാര്യവും. വരും, വരുന്നു, വന്നു എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇതേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ വന്‍തോതില്‍ പരന്നു. എന്നിട്ടും സംഭവം യാഥാര്‍ഥ്യമായില്ലെന്ന് മാത്രം. ഇപ്പോഴിതാ സസ്‌പെന്‍സിന് അറുതിവരുത്തി സാംസങ് തന്നെ സ്ഥിരീകരിച്ചിരിക്കുന്നു : ഗാലക്‌സി എസ് 5 ഏപ്രിലോടെ ലോകവിപണിയിലെത്തും.

ബ്ലൂംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സാംസങ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ലീ യങ് ഹീയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓരോ വര്‍ഷത്തെയും ഞങ്ങളുടെ പ്രധാനപ്പെട്ട മോഡലുകള്‍ പുറത്തിറങ്ങുക മാര്‍ച്ചിനും ഏപ്രിലിനും ഇടയ്ക്കാണ്. ഈ വര്‍ഷവും ആ പതിവ് തെറ്റിക്കില്ല. ഇത്തവണ ഗാലക്‌സി എസ് 5 ഞങ്ങള്‍ ലോകത്തിന് സമ്മാനിക്കും''- ലീ യങ് പറഞ്ഞു.

സാംസങ് ഗാലക്‌സി ശ്രേണിയിലെ ഏറ്റവും പുതിയ അവതാരമായ എസ് 5 ന്റെ വരവും കാത്ത് ലോകമെങ്ങുമുള്ള ഗാഡ്ജറ്റ് പ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

ഉപയോക്താവിന്റെ കണ്ണിലെ കൃഷ്ണമണി തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ആകുന്ന ഐറിസ് സ്‌കാനര്‍ സാങ്കേതിക വിദ്യ ഗാലക്‌സി എസ് 5ല്‍ ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്നും ലീ യങ് സൂചിപ്പിച്ചു. സാംസങിന്റെ മുഖ്യ പ്രതിയോഗിയായ ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഐഫോണ്‍ 5എസില്‍ വിരലടയാളപ്പൂട്ടുണ്ട്. ഉപയോക്താവിന്റെ വിരലടയാളം തിരിച്ചറിയുന്ന ഫിംഗര്‍പ്രിന്റ്-ഐഡന്റിറ്റി സെന്‍സറാണത്. അതിനെ മറികടക്കാന്‍ സാംസങ് ഐറിസ് സ്‌കാനര്‍ വിദ്യ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ ടെക്‌ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സാംസങ് ഏറെ കൊട്ടിഗേ്ഘാഷിച്ചിറക്കിയ ഗാലക്‌സി എസ് 4 പ്രതീക്ഷിച്ചത്ര വിജയം നേടിയില്ലെന്ന് തുറന്നു സമ്മതിക്കാനും ലീ യങ് മടിച്ചില്ല. ''ഗാലക്‌സി എസ് 3 യില്‍നിന്ന് ഞങ്ങള്‍ എസ്4 ലേക്ക് മാറിയെങ്കിലും ഉപയോക്താക്കള്‍ക്ക് കാര്യമായ വ്യത്യാസമൊന്നും തോന്നിയില്ല എന്നത് സത്യമാണ്. രണ്ടു ഫോണുകളും തമ്മില്‍ കാഴ്ചയില്‍ ഒരേ പോലെയിരിക്കുന്നതുകൊണ്ടാണിത്. എസ് 5 യില്‍ ഞങ്ങള്‍ അടിസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോവുകയാണ്. ഡിസ്‌പ്ലേയും ബോഡിയുമാകും എസ് 5യില്‍ മികവുറ്റതാകുക''-ലീ യങ് നയം വ്യക്തമാക്കി.

ഫിബ്രവരിയില്‍ ബാഴ്‌സിലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസി ( MWC )ല്‍ ഔദ്യോഗികമായി അവതരിപ്പിച്ച്, ഏപ്രിലോടെ ഗാലക്‌സി എസ് 5 വില്പനയ്‌ക്കെത്തിക്കാനാണ് സാംസങിന്റെ പദ്ധതിയെന്ന് സൂചനയുണ്ട് (ചിത്രം കടപ്പാട് : uswitch.com )

Share This Post →

No comments:

Post a Comment