ഐഫോണിനെ തെര്‍മല്‍ ക്യാമറയാക്കാന്‍ വിദ്യ

ഐഫോണിനെ ഒറ്റയടിക്ക് തെര്‍മല്‍ ക്യാമറയാക്കാന്‍ സഹായിക്കുന്ന ഒരു ഉപകരണം രംഗത്തെത്തുന്നു. ജീവികളെയും വസ്തുക്കളെയും അവയുടെ താപമുദ്രയുടെ സഹായത്തോടെ ചിത്രീകരിക്കാന്‍ അവസരമൊരുക്കുന്ന 'ഫ് ളിര്‍ വണ്‍ ' ( FLIR One ) എന്ന ഐഫോണ്‍ ജാക്കറ്റാണിത്.

ആപ്പിളിന്റെ ഐഫോണ്‍ 5, ഐഫോണ്‍ 5എസ് എന്നീ മോഡലുകള്‍ക്കായാണ് 'ഫ് ളിര്‍ സിസ്റ്റംസ്' പുതിയ സഹായഉപകരണം രംഗത്തെത്തിക്കുന്നത്. 349 ഡോളര്‍ (21,500 രൂപ) ആണ് വില.

അടുത്തയിടെ സമാപിച്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യിലാണ് 'ഫ് ളിര്‍ വണ്‍ ' ഫോണ്‍ ജാക്കറ്റ് അവതരിപ്പിച്ചത്.


താപവ്യത്യാസങ്ങള്‍ സ്‌ക്രീനില്‍ വ്യത്യസ്തനിറങ്ങളില്‍ കാട്ടിത്തരാന്‍ ഇതിലെ തെര്‍മല്‍ (ഇന്‍ഫ്രാറെഡ്) സെന്‍സറിനാകും. ഉദാഹരണത്തിന് കൂടുതല്‍ ചൂടുള്ള വസ്തുക്കള്‍ മഞ്ഞ നിറത്തിലും, ഇടത്തരം ചൂടുള്ളവ ചുവപ്പിലും, തണുത്ത വസ്തുക്കള്‍ പര്‍പ്പിള്‍ വര്‍ണത്തിലും സ്‌ക്രീനില്‍ തെളിയും.


കാണാതായ ഓമനമൃഗങ്ങളെ ഇരുട്ടത്ത് കണ്ടെത്താനും, വീട്ടിലെ ഇന്‍സുലേഷനിലെ തകരാറുകള്‍ കണ്ടെത്താനുമൊക്കെ ഈ വിദ്യ ഉപയോഗിക്കാന്‍ കഴിയും. ക്രമസമാധാനപാലകര്‍ക്ക് ഇരുട്ടിന്റെ മറവില്‍ കുറ്റവാളികളുടെ നീക്കം മനസിലാക്കാന്‍ ഇത് സഹായിക്കും.



ഐഫോണ്‍ 5, ഐഫോണ്‍ 5എസ് എന്നീ മോഡലുകള്‍ക്ക് ചേര്‍ന്ന ഫ് ളിര്‍ വണ്‍ ഉണ്ടെങ്കിലും, ഐഫോണ്‍ 5സിക്ക് ചേര്‍ന്നത് ഉണ്ടാകില്ല. ഈ ഉപകരണത്തിന്റെ ഒരു ആന്‍ഡ്രോയ്ഡ് മോഡല്‍ ഈവര്‍ഷം തന്നെ ലഭ്യമാകുമെന്ന് കമ്പനി പറയുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : FLIR, ചിത്രങ്ങള്‍ : AP, FLIR )




Share This Post →

No comments:

Post a Comment