സിനിമാ കോമഡി പോലെ ഒരു കാറപകടം; കാറില്‍ പാതി കുടുങ്ങി സൈക്കിള്‍ യാത്രക്കാരന്റെ കിലോ മീറ്റര്‍ നീണ്ട യാത്ര

ന്യൂയോര്‍ക്ക്: 'അതേയ്, ചങ്ങാതീ, നിങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സൈക്കിളുകാരനാണ് ഞാന്‍. എന്തിനാണ് ഇനിയും എന്നെ വലിച്ചോണ്ടു പോവുന്നത്'

അമേരിക്കയിലെ വിസ്കോണ്‍സിനിലെ തെരുവിലൂടെ അതിവേഗത്തില്‍ പറഞ്ഞുപോവുന്ന കാര്‍ ഡ്രൈവറോട് ആ 56കാരന്‍ ചോദിച്ചു.

താന്‍ സഞ്ചരിച്ച സൈക്കിള്‍ ഇടിച്ചു തെറിപ്പിച്ചിട്ടും നിര്‍ത്താതെ തന്നെ വിന്റ്ഷീല്‍ഡില്‍ വലിച്ചു കൊണ്ടുപോവുന്നതിനിടെയായിരുന്നു അയാളുടെ ചോദ്യം. വെറുതെ ആയിരുന്നില്ല ആ ചോദ്യം. ഇടിയില്‍ അയാള്‍ കാറിന്റെ മുന്‍വശത്തെ കണ്ണാടി തുളച്ച് അകത്തെത്തിയിരുന്നു. എന്നിട്ടും ഡ്രൈവര്‍ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.


എന്നാല്‍, ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം ഉണ്ടായില്ല. പാവപ്പെട്ട ആ പത്രവിതരണക്കാരനെ സൈക്കിളില്‍നിന്ന് ഇടിച്ചു തെറിപ്പിച്ചശേഷം കാര്‍ ചീറിപ്പായുക തന്നെയായിരുന്നു. കണ്ണാടി തുളച്ച് അകത്തു കടന്ന സ്റ്റീവിന്റെ കൈയും കാലുകളും പുറത്തും തല കാറിനകത്തുമായിരുന്നു. 

20 വയസ്സുകാരനായ കാര്‍ ഡ്രൈവര്‍ അവിടം കൊണ്ട് നിര്‍ത്തിയില്ല. വഴിയില്‍ ഒരു വാഹനത്തെ കൂടി ഇടിച്ചു തെറിപ്പിച്ച ശേഷം അതിവേഗതയില്‍ സൌത്ത് 13 സ്ട്രീറ്റിലെ സ്വന്തം വീടിനടുത്തേക്ക് അയാള്‍ പ്രവേശിച്ചു. കാര്‍ നിര്‍ത്തിയപ്പോള്‍ സ്റ്റീവന്‍ പുറത്തേക്കു വീണു.

എന്നിട്ടുമുണ്ടായില്ല ഡ്രൈവര്‍ക്ക് കൂസല്‍. 'നിങ്ങളാരാണ്? നിങ്ങള്‍ക്കെന്താണ് ഈ കാറില്‍?' അതായിരുന്നു ഡ്രൈവറുടെ ചോദ്യം. ഞാന്‍ ജയിലിലേക്ക് പോവുന്നു, ജയിലിലേക്ക് പോവുന്നു എന്നിങ്ങനെ പുലമ്പുന്നുണ്ടായിരുന്നു അയാളെന്ന് സ്റ്റീവന്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. 

സംഭവം കഴിഞ്ഞ ശേഷം സ്റ്റീവന്‍ പൊലീസില്‍ പരാതി നല്‍കി. കാറിനടുത്തു വെച്ച് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 20കാരനായ ഡ്രൈവര്‍ അമിതമായി മദ്യം കഴിച്ചിട്ടുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.


'ദൈവം മഹാനാണ്. അവന്റെ കൈകളാണ് എന്നെ രക്ഷിച്ചത്' -വേദനയുടെയും അമ്പരപ്പിന്റെയും ദിവസത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സ്റ്റീവന്‍ ഗോവ് ഇങ്ങനെ പറയുന്നു. അപകടത്തില്‍ സ്റ്റീവിന്റെ മുഖത്ത് പരിക്കുകളുണ്ട്. ആശുപത്രിയില്‍ ഒരു ദിവസം കഴിഞ്ഞ ശേഷം അയാള്‍ ഇപ്പോള്‍ വീട്ടിലാണ്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും തനിക്ക് ആ ചെറുപ്പക്കാരനോട് വിരോധമില്ലെന്ന് സ്റ്റീവന്‍ പറയുന്നു. 



Share This Post →

No comments:

Post a Comment