കളക്ഷന്‍ റെക്കോഡില്‍ ചരിത്രം കുറിച്ച് ദൃശ്യം

ദൃശ്യം മാനിയ മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. ബോക്‌സ് ഓഫീസില്‍ തരംഗമായി മാറിയ ദൃശ്യം ഒരു മാസത്തിനുള്ളില്‍ തന്നെ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു. 85 വര്‍ഷത്തെ മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായി ദൃശ്യം. ട്വന്റി 20 യുടെ റെക്കോഡാണ് ദൃശ്യം മറികടന്നത്. അതും റിലീസ് ചെയ്ത് വെറും 31 ദിവസങ്ങള്‍ക്കുള്ളില്‍. ഗ്രോസ് കളക്ഷനില്‍ ദൃശ്യം പുതിയ ചരിത്രം കുറിച്ചതായി മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ട്വന്റി 20 120 ദിവസം കൊണ്ട് നേടിയ കളക്ഷനാണ് 31 ദിവസവും കൊണ്ട് ദൃശ്യം നേടിയത്.

ദൃശ്യം ടീമിനെ പോലും അമ്പരിപ്പിക്കുന്ന പ്രതികരണമാണ് ആദ്യ ദിനം മുതല്‍ ചിത്രത്തിന് ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരുടെയും മനം കവര്‍ന്ന ചിത്രം ഇന്നും പ്രദര്‍ശിപ്പിക്കുന്നത് നിറഞ്ഞ സദസ്സിലാണ്. ഒരു മാസം പിന്നിട്ടിട്ടും ദൃശ്യം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ പലതും ഹൗസ്ഫുള്‍. ഇപ്പോഴും തിരക്ക് കുറയാത്ത ചിത്രം ഇന്നത്തെ നിലയില്‍ 100 ദിവസം കൊണ്ട് 35 കോടിയെങ്കിലും ഗ്രോസ് നേടിയേക്കാമെന്നാണ് സിനിമരംഗത്തെ വിലയിരുത്തല്‍.

26 ദിവസം കൊണ്ട് 10,000 ഷോ പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. സമീപകാലത്തെ മോഹന്‍ലാല്‍ ചിത്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ചിലവ് കുറഞ്ഞ സിനിമയുടെ ആകെ ചിലവ് നാല് കോടിയോളം രൂപയാണ്. ടെലിവിഷന്‍ സംപ്രേക്ഷണ അവകാശത്തിലൂടെ മാത്രം 6.5 കോടി ദൃശ്യം സ്വന്തമാക്കി. അന്യഭാഷ റീമേക്ക് അവകാശത്തിലൂടെ ഒന്നരക്കോടി വേറെ നേടി.

കേരളത്തിന് പുറത്ത് ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍, മുംബൈ എന്നിവടങ്ങളിലും ചിത്രം ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇ യൂറോപ്പ്, അമേരിക്ക, ഓസ് ട്രേലിയ തുടങ്ങിയ മേഖലകളില്‍ നിന്നും സിനിമ മികച്ച കളക്ഷനാണ് നേടുന്നത്. ഇന്ത്യക്ക് പുറത്തും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന ബഹുമതിയും ദൃശ്യത്തിന് തന്നെ.

അങ്ങനെ ട്വന്റി 20 യും പഴശ്ശിരാജയും, ക്രിസ്ത്യന്‍ ബ്രദേഴ്‌സും, ക്ലാസ്‌മേറ്റ്‌സും, മായാമോഹിനിയും ഇനി കളക്ഷന്‍ റെക്കോഡിന്റെ കാര്യത്തില്‍ ദൃശ്യത്തിന് പിന്നില്‍.

Share This Post →

No comments:

Post a Comment