താരമാകാന്‍ വീണ്ടും ലൂമിയ

നോക്കിയയ്ക്ക് പുതുജീവന്‍ നല്‍കിയ ലൂമിയ പരമ്പരയിലെ രണ്ട് ഫോണുകള്‍കൂടി ഇന്ത്യയിലേക്ക്. 'ബജറ്റ് ഫാബ്‌ലറ്റ്' ലൂമിയ 1320 ( Nokia Lumia 1320 ), മധ്യനിര സ്മാര്‍ട്ട്‌ഫോണ്‍ ലൂമിയ 525 ( Nokia Lumia 525 ) എന്നിവ കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്.

യഥാക്രമം 23,999 രൂപ, 10,399 രൂപ എന്നീ വിലകളില്‍ ഇവ ജനവരി 14 മുതല്‍ വിപണിയില്‍ ലഭ്യമാകും.

നോക്കിയയുടെ ആദ്യ ഫാബ്‌ലറ്റ് ലൂമിയ 1520 ന്റെ പിന്‍ഗാമിയായ 1320 കഴിഞ്ഞ ഒക്ടോബറിലും ലൂമിയ 520 എന്ന ജനപ്രിയ മോഡലിന്റെ നവീകരിച്ച പതിപ്പായ ലൂമിയ 525 നവംബറിലുമാണ് ലോകവിപണിയില്‍ അവതരിപ്പിച്ചത്.

ആറിഞ്ചാണ് ഫാബ്‌ലറ്റിന്റെ സ്‌ക്രീന്‍ വലിപ്പം. റെസല്യൂഷന്‍ 1280 X 720 പിക്‌സല്‍. ( 245 ppi ) മുന്‍ മോഡലിലെ ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലെ ഇതില്‍ ഇല്ല. 1.7 ഗിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ എസ്-4 ഡ്യൂവല്‍കോര്‍ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. റാം വണ്‍ ജി.ബി.

ഇന്റേണല്‍ മെമ്മറി എട്ട് ജി.ബി. 64 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡും ഉപയോഗിക്കാം. ഏഴ് ജി.ബി. സൗജന്യ സൈ്ക ഡ്രൈവ് ക്ലൗഡ് സ്റ്റോറേജും ലഭിക്കും. 525 മോഡലിലും ഈ സൗജന്യം ഉണ്ടാകും.

വിന്‍ഡോസ് ഫോണ്‍ 8 ഓപ്പറേറ്റിങ് സിസ്റ്റമാണ് രണ്ടു മോഡലുകളിലും. ഏറ്റവും പുതിയ ലൂമിയ ബ്ലാക്ക് അപ്‌ഡേഷനും ( update 3 ) സാധ്യമാണ്.

അഞ്ച് മെഗാപിക്‌സല്‍, 0.3 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ക്യാമറകള്‍. പക്ഷേ, ലൂമിയ525ല്‍ ഫ് ളാഷ് സൗകര്യം ഇല്ല. ഇത് ഈ മോഡലിന്റെ പോരായ്മയാണ്.

ഫാബ്‌ലറ്റിലെ 3400 എം.എ.എച്ച്. ബാറ്ററി, ത്രീജി നെറ്റ്‌വര്‍ക്കില്‍ 21 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 675 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കും. ഒമ്പതു മണിക്കൂര്‍ വീഡിയോ കാണാനോ 98 മണിക്കൂര്‍ പാട്ട് കേള്‍ക്കാനോ ഇതുവഴി സാധ്യമാകുമെന്നാണ് കമ്പനി വാഗ്ദാനം.

ഫോര്‍ ജി സൗകര്യമുള്ള ഫാബ്‌ലറ്റ് ഓറഞ്ച്, കറുപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ലഭിക്കും. ഭാരം 220 ഗ്രാം. 164.25 മില്ലീമീറ്റര്‍ നീളവും 85.9 മില്ലീമീറ്റര്‍ വീതിയും 9.79 മില്ലീമീറ്റര്‍ കനവും ഇതിനുണ്ടാകും.

ആറിഞ്ച് തന്നെ വലിപ്പമുള്ള 'ലൂമിയ 1520' എന്ന ആദ്യ ഫാബ്‌ലറ്റില്‍ ഫുള്‍ എച്ച്.ഡി. ഡിസ്‌പ്ലെയും 20 മെഗാ പിക്‌സല്‍ ക്യാമറയും 2.2 ഗിഗാ ഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രോസസറും ഉണ്ട്. എന്നാല്‍, 46,999 രൂപ വേണം ഇത് വാങ്ങാന്‍ .


വലിയ സ്‌ക്രീന്‍ ആഗ്രഹിക്കുന്ന 25,000 രൂപ വരെ മുടക്കാന്‍ തയ്യാറുള്ളവരെ ലക്ഷ്യമിട്ടാണ് 1320 എത്തുന്നത്. സാംസങ് ഗ്യാലക്‌സി ഗ്രാന്‍ഡ് 2 (24,900 രൂപ), സോളോ ക്യു 3000 (19,499 രൂപ), ഇന്‍ടെക്‌സ് അക്വ ഒക്ട (19,999), മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2 (14,890 രൂപ) എന്നിവയാണ് 'ലൂമിയ- 1320'ന്റെ പ്രധാന എതിരാളികള്‍ .

സ്‌ക്രീന്‍ വലിപ്പത്തിലും മറ്റും ഇവയെക്കാള്‍ ഏറെ മുന്നിലാണ് നോക്കിയ ഫാബ്‌ലറ്റ്. ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്ക് വിന്‍ഡോസ് ഫാബ്‌ലറ്റിലേക്ക് മാറാനുള്ള പ്രേരണയായും നോക്കിയ ഇതിനെ കാണുന്നു.

ഈയൊരു മാറ്റംതന്നെയാണ് ലൂമിയ 525 ഉം ലക്ഷ്യമിടുന്നത്. പരമാവധി പതിനായിരം മുതല്‍ 12,000 രൂപ വരെ മുടക്കാന്‍ തയ്യാറുള്ളവരെ ആകര്‍ഷിക്കുക.

ലൂമിയ ശ്രേണിയിലെ 520, 620, 625, 720 തുടങ്ങിയ മോഡലുകളിലെല്ലാം റാം 512 എം.ബി. ആയിരുന്നു. 525 ല്‍ ഇത് ഒരു ജി.ബി.യായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണുകളേക്കാള്‍ കുറഞ്ഞ റാം മതി വിന്‍ഡോസ് ഫോണുകള്‍ക്ക്. എങ്കിലും സ്‌പെസിഫിക്കേഷനുകള്‍ താരതമ്യം ചെയ്യുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ ഇതൊരു കുറവായി തോന്നിയിരുന്നു. പുതിയ മോഡലിലൂടെ അതിന് പരിഹാരമേകുകയാണ് നോക്കിയ.

800 X 480 പിക്‌സല്‍ (235 പി.പി.ഐ.) റെസല്യൂഷനോടുകൂടിയ നാലിഞ്ച് ഡബ്ല്യു.വി.ജി.എ. ഐ.പി.എസ്. എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ലൂമിയ 525-ല്‍.

പ്രോസസര്‍ 1 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ സ്‌നാപ് ഡ്രാഗണ്‍ എസ്. 4. ബാറ്ററി 1,430 എം.എ.എച്ച്. 17 മണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 336 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും ഇത് നല്കും. മറ്റ് സവിശേഷതകളെല്ലാം ലൂമിയ 1320 ന് തുല്ല്യം.

ഡിസൈനും ബ്രാന്‍ഡ് വാല്യുവും വിലയും കീശയില്‍ ഒതുങ്ങുന്ന വലിപ്പവും നോക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണിത്. നേരത്തേ, പറഞ്ഞതുപോലെ ക്യാമറയ്ക്ക് ഫ്ലാഷ് ഇല്ലെന്ന കാര്യം പ്രശ്‌നമല്ലെങ്കില്‍ . (കടപ്പാട് : നോക്കിയ)
ameyasraj@gmail.com

Share This Post →

No comments:

Post a Comment