ഫെയ്‌സ്ബുക്ക് 'പര്‍ച്ചവ്യാധിപോലെ അവസാനിക്കും' | പഠനം

ഫെയ്‌സ്ബുക്ക് താത്ക്കാലിക പ്രതിഭാസം 
2017 ഓടെ 80 ശതമാനം അംഗങ്ങളും നഷ്ടപ്പെടും



ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും, അതൊരു 'പകര്‍ച്ചവ്യാധി പോലെ കെട്ടടങ്ങു'മെന്നും പഠനറിപ്പോര്‍ട്ട്. 2017 ഓടെ ഫെയ്‌സ്ബുക്കിന് 80 ശതമാനം യൂസര്‍മര്‍ നഷ്ടപ്പെടുമെന്ന് പഠനം പറയുന്നു.

അമേരിക്കയില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ രണ്ട് ഗവേഷകര്‍ ചേര്‍ന്ന് ArXiv.org ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ്, ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്ന ദുര്‍വിധി പരാമര്‍ശിച്ചിട്ടുള്ളത്.

'മൈസ്‌പേസ്' ( MySpace ) എന്ന സര്‍വീസിന്റെ ഉയര്‍ച്ചയും താഴ്ചയും ആധാരമാക്കിയാണ് ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നീ ഗവേഷകര്‍ ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത് വന്‍തകര്‍ച്ചയാണെന്ന് പ്രവചിക്കുന്നത്.

കെട്ടടങ്ങുംമുമ്പാണ് പകര്‍ച്ചവ്യാധികള്‍ ആളുകള്‍ക്കിടയില്‍ വളരെ വേഗം പടരുന്നത്. അതിന്റെ രീതിശാസ്ത്രം പകര്‍ച്ചവ്യാധി മാതൃകകളില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പകര്‍ച്ചവ്യാധി മാതൃകയാണ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഗതിവിഗതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഉപയോഗിച്ചതെന്ന് ഗവേഷകര്‍ പറയുന്നു. പൊതുവായി ലഭ്യമായ ഗൂഗിള്‍ ഡേറ്റയും ഇതിനായി ഉപയോഗിച്ചു.

നിലവില്‍ ലോകത്താകമാനം 110 കോടിയിലേറെ അംഗങ്ങളുള്ള ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചിടത്തോളം, അസുഖകരമായ ഒരു റിപ്പോര്‍ട്ടാണ് പ്രിന്‍സ്റ്റണ്‍ ഗവേഷകരുടേത്.

ഫെയ്‌സ്ബുക്കിലെ ഡേറ്റാ ഉപയോഗം 2012 മുതല്‍ കുറഞ്ഞുവരികയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 'വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്ക് വളരെ വേഗം താഴേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2014 ഡിസംബറോടെ ഫെയ്‌സ്ബുക്കിന്റെ വലിപ്പം 20 ശതമാനം കുറയും'.

'ഏറ്റവും മികച്ച മാതൃകകള്‍ അനുസരിച്ചുള്ള വിലയിരുത്തല്‍ പ്രകാരം, വലിയ പതനമാണ് ഫെയ്‌സ്ബുക്കിനെ കാത്തിരിക്കുന്നത്. 2015-2017 കാലത്ത് 80 ശതമാനം യൂസര്‍മാരെ നഷ്ടമാകും' - റിപ്പോര്‍ട്ട് പറയുന്നു.

2013 ല്‍ ചെറുപ്പക്കാരായ ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കില്‍നിന്ന് അകലാന്‍ തുടങ്ങിയെന്ന സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ പഠനറിപ്പോര്‍ട്ട് വന്നതിരിക്കുന്നത്.

ജോണ്‍ കാനറെല്ല, ജോഷ്വ സ്‌പെച്ച്‌ലര്‍ എന്നിവരുടെ റിപ്പോര്‍ട്ട് ഇതുവരെ വിദഗ്ധ അവലോകനത്തിന് വിധേയമായിട്ടില്ല. അതിന് ശേഷമേ അത് ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടൂ.

പഠനറിപ്പോര്‍ട്ട് ഇങ്ങനെയാണെങ്കിലും, നിലവില്‍ ഫെയ്‌സ്ബുക്കിന്റെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. കമ്പനിയുടെ ഓഹരിമൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ 29 കാരനായ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വകാര്യസമ്പാദ്യം ഇപ്പോള്‍ ഏതാണ്ട് 1900 കോടി ഡോളര്‍ (1.17 ലക്ഷം കോടി രൂപ) ആണ് - AFP.

Share This Post →

No comments:

Post a Comment