നൂറില്‍ പിഴച്ച് മെസ്സി

വലന്‍സിയ താരം ഫ്രാന്‍സിസ്‌കോ അല്‍ക്കാസര്‍ 85-ാം മിനിറ്റില്‍ നൗക്കാമ്പില്‍ നേടിയ ഗോള്‍ ലയണല്‍ മെസ്സിക്ക് അപൂര്‍വമായൊരു കുപ്രസിദ്ധി ചരിത്രത്തില്‍ നേടിക്കൊടുത്തു. 99 വിജയങ്ങള്‍ക്കും ഏഴ് സമനിലകള്‍ക്കും ശേഷം, നൗക്കാമ്പില്‍ മെസ്സി ഗോളടിച്ച മത്സരത്തില്‍ ബാഴ്‌സലോണ ആദ്യമായി തോറ്റു. കരിയറിലാദ്യമായി നൗക്കാമ്പില്‍ നടന്ന ഔദ്യോഗിക മത്സരത്തില്‍ താന്‍ ഗോളടിച്ചിട്ടും പരാജിതനായി മെസ്സിക്ക് മടങ്ങേണ്ടിവന്നു. ഗോളടിച്ച മത്സരങ്ങളില്‍ ബാഴ്‌സയ്ക്ക് വിജയത്തിന്റെ സെഞ്ച്വറി നല്‍കാതെ മടക്കം. ഡോണ്‍ ബ്രാഡ്മാന്റെ 99.94 റണ്‍സ് ശരാശരി പോലെ, മെസ്സിയുടെ കരിയറിലും നൂറ് തികഞ്ഞില്ല!

വലന്‍സിയക്കെതിരായ ലാ ലിഗ മത്സരത്തിനുശേഷം വിഖ്യാത ഫുട്‌ബോള്‍ സ്റ്റാറ്റിസ്റ്റീഷ്യനായ മിസ്റ്റര്‍ചിപ്പിന്റെ ട്വീറ്റ് ഇങ്ങനെ. Messi's overall balance after scoring at the Camp Nou in official games (107): 99 wins, 7 draws and just 1 loss (today). 'അത്യപൂര്‍വമായ സംഭവത്തിനാണ് നാം സാക്ഷി'യായത് എന്നായാരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ട്വീറ്റ്. സ്പാനിഷ് ലീഗിലും കപ്പിലും യൂറോപ്യന്‍ മത്സരങ്ങളിലും മെസ്സി ഗോളടിച്ചാല്‍ ബാഴ്‌സ ജയിക്കുമെന്ന വിശ്വാസം തകര്‍ന്നു വീഴുകയായിരുന്നു അവിടെ. വലന്‍സിയയോട് 3-2ന് തോറ്റതോടെ, സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തേയ്ക്ക് പിടിവിട്ട് വീഴുകയും ചെയ്തു.


2005 മെയ് ഒന്നിന് അല്‍ബാസെറ്റെ ബലോംബിക്കെതിരെ നൗക്കാമ്പില്‍ ഗോള്‍ നേടിയതുമുതല്‍ തുടക്കമിട്ട വലിയൊരു ചരിത്രത്തിനാണ് അല്‍ക്കാസറിന്റെ ഗോളോടെ വിരാമമായത്. നൗക്കാമ്പില്‍ മെസ്സി ഗോളടിച്ചാല്‍ ബാഴ്‌സ ജയിക്കുമെന്ന വിശ്വാസം തകര്‍ന്നു. മുമ്പ് ലിവര്‍പൂളിന്റെ വെയ്ല്‍സ് താരം ഇയാന്‍ റൂഷിനെ ഈ രീതിയില്‍ ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു. റൂഷ് ഗോളടിച്ചാല്‍ ആന്‍ഫീല്‍ഡില്‍ വിജയാഘോഷം.

നൗക്കാമ്പില്‍ ബാഴ്‌സ അജയ്യശക്തികളാണ്. ഏതു മത്സരമായാലും അവരെ നൗക്കാമ്പില്‍ കീഴടക്കുക എളുപ്പമാകില്ല. ചാമ്പ്യന്‍സ് ലീഗിന്റെ കഴിഞ്ഞ സീസണിലെ സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്ക് ആ വിശ്വാസം തകര്‍ത്തു. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക്. എന്നാല്‍, ആ മത്സരത്തില്‍ മെസ്സിയുണ്ടായിരുന്നില്ല എന്ന് ആരാധകര്‍ ആശ്വാസം കൊണ്ടു. ആരാധകരുടെ ആ പ്രതീക്ഷയാണ് വലന്‍സിയ തകര്‍ത്തത്.

സീസണില്‍ ബാഴ്‌സ നേരിടുന്ന രണ്ടാമത്തെ ലീഗ് തോല്‍വിയാണിത്. സ്വന്തം ഗ്രൗണ്ടില്‍ ആദ്യത്തേതും. നൗക്കാമ്പില്‍ തുടരെ 25 മത്സരങ്ങള്‍ പരാജയമറിയാതെ പൂര്‍ത്തിയാക്കിയശേഷമുള്ള ആദ്യ തോല്‍വി. നെയ്മറും മെസ്സിയും ഇനിയേസ്റ്റയുമുള്‍പ്പെടുന്ന ക്ലബ്ബ് ലോകത്തെ സൂപ്പര്‍ ടീമിന്റെ തോല്‍വി സ്‌പെയിനിലെ കിരീടപ്പോരാട്ടത്തെ കൂടുതല്‍ ആവേശഭരിതമാക്കിയിട്ടുണ്ടെങ്കിലും, ബാഴ്‌സ ആരാധകര്‍ക്ക് അതത്ര രുചിക്കുന്നുണ്ടാവില്ല. മൂന്ന് അത്‌ലറ്റിക്കോ ബാഴ്‌സയെ മുന്നിട്ടുനില്‍ക്കുന്നു. റയല്‍ മാഡ്രിഡിന് അത്‌ലറ്റിക് ക്ലബ്ബിനോട് സമനില കുടുങ്ങിയതാണ് ബാഴ്‌സയെ രണ്ടാം സ്ഥാനത്ത് നിര്‍ത്തിയത്.

മെസ്സിക്ക് ഇത് ഒട്ടും നല്ലകാലമല്ല. കഴിഞ്ഞ സെപ്റ്റംബറിനുശേഷം സ്വന്തം ഗ്രൗണ്ടില്‍ മെസ്സി നേടുന്ന ആദ്യ ലീഗ് ഗോളായിരുന്നു വലന്‍സിയക്കെതിരെ പെനാല്‍ട്ടിയില്‍നിന്ന് നേടിയത്. ജനവരി ആദ്യം സ്പാനിഷ് കിങ്‌സ് കപ്പ് മത്സരത്തില്‍ ഗെറ്റാഫിനെതിരെ ഇരട്ടഗോളുമായാണ് മെസ്സി പരിക്കില്‍നിന്ന് തിരിച്ചുവന്നത്. എന്നാല്‍, പരിക്ക് പൂര്‍ണമായി പിടിവിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായി പിന്നീടുള്ള മത്സരങ്ങളും. ഇതിനിടെ, ഫിഫ ബാലണ്‍ ദ്യോര്‍ പോരാട്ടത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതായി. യൂറോപ്പിലെ മികച്ച താരങ്ങളുടെ യുവേഫ ഇലവനില്‍ 2008-നുശേഷം ആദ്യമായി മെസ്സി ഇടം പിടിച്ചതുമില്ല. ഈ തിരിച്ചടികളുടെ തുടര്‍ച്ചതന്നെയാണ് വലന്‍സിയക്കെതിരായ തോല്‍വിയും.


കഴിഞ്ഞ സീസണില്‍തുടങ്ങിയ പരിക്ക് മെസ്സിയെ വിടാതെ പിന്തുടരുകയാണ്. മെസ്സിയുടെ പരിക്ക് ഏറ്റവും കൂടുതല്‍ ക്ഷീണിപ്പിച്ചത് ബാഴ്‌സലോണയെയാണ്. ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ രണ്ടു പാദങ്ങളിലായി ബയേണിനോട് കനത്ത പ്രഹരം അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. മെസ്സിയില്ലെങ്കില്‍ ബാഴ്‌സ ബാഴ്‌സയല്ലെന്ന് വിമര്‍ശകര്‍ വിധിയെഴുതി. ഇത്തവണയും സീസണ്‍ തുടക്കം മുതല്‍ മെസ്സിയുടെ സേവനം ടീമിന് കാര്യമായി ലഭിച്ചതുമില്ല. സീസണില്‍ സ്‌പെയിനിലെ ടോപ്‌സ്‌കോറര്‍ പട്ടികയില്‍ മുന്‍പന്തിയിലേക്ക് മെസ്സിക്കിനി തിരിച്ചുവരവും അസാധ്യമാണ്. 22 ഗോളുകളുമായി ക്രിസ്റ്റിയാനോയും 20 ഗോളുമായി ഡീഗോ കോസ്റ്റയും മുന്നിട്ടുനില്‍ക്കുമ്പോള്‍, ഒമ്പതു ഗോളടിച്ച മെസ്സിയുടെ സ്ഥാനം ഏറെ പിന്നിലാണ്.

മെസ്സിയെ ചുറ്റിയാണ് ബാഴ്‌സലോണ ഭ്രമണം ചെയ്തിരുന്നത്. താരത്തെ പെട്ടെന്ന് പരിക്കിന്റെ പിടിയിലാക്കിയതും ഈ അമിത ഭാരം ചുമക്കല്‍തന്നെ. കഴിഞ്ഞ ലോകകപ്പിനുശേഷമുള്ള മൂന്ന് സീസണ്‍ കണക്കിലെടുത്താല്‍, ബാഴ്‌സ സ്പാനിഷ് ലീഗില്‍ കളിച്ച മത്സരങ്ങളില്‍ അപൂര്‍വം ചിലതൊഴികെ, മറ്റെല്ലാ മത്സരങ്ങളിലും മെസ്സി കളത്തിലുണ്ടായിരുന്നുവെന്ന് കാണാം. 2012-13 സീസണില്‍ 32 മത്സരങ്ങളിലാണ് ലീഗില്‍ മെസ്സി കളിച്ചത്. ഇതില്‍ 28 എണ്ണത്തിലും മുഴുവന്‍ സമയവും കളിച്ചു. 31 മത്സരങ്ങളില്‍നിന്ന് 2790 മിനിറ്റ് കളത്തില്‍നിന്ന ഗോള്‍കീപ്പര്‍ വിക്ടര്‍ വാല്‍ഡെസ് കഴിഞ്ഞാല്‍, 32 മത്സരങ്ങളില്‍ നിന്നായി 2646 മിനിറ്റ് കൡച്ച മെസ്സിയാണ് ബാഴ്‌സയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തത്. 46 ഗോളുകളും, ഈ അധ്വാനത്തില്‍നിന്നായി മെസ്സി കണ്ടെത്തി.

തൊട്ടുമുമ്പത്തെ സീസണിലും വ്യത്യസ്തമല്ല കാര്യങ്ങള്‍. സീസണില്‍ കളിച്ചത് 37 മത്സരങ്ങള്‍. ഇതില്‍ 36 എണ്ണത്തിലും പൂര്‍ണ സമയം കളത്തില്‍. 3269 മിനിറ്റാണ് സ്പാനിഷ് ലീഗില്‍ 2011-12 സീസണില്‍ മെസ്സി കളത്തില്‍നിന്നത്. നേടിയത് 50 ഗോളുകളും. 2010-11 സീസണില്‍ 33 മത്സരങ്ങളില്‍ 30-ലും പൂര്‍ണസമയവും കളത്തില്‍നിന്ന മെസ്സി കളിച്ചത് 2857 മിനിറ്റ്. നേടിയത് 31 ഗോള്‍ . ഒരു പ്രൊഫഷണല്‍ താരം ഇത്തരം സമ്മര്‍ദങ്ങള്‍ നേരിടാന്‍ പ്രാപ്തനായിരിക്കണമെങ്കിലും നിരന്തരം എതിര്‍ പ്രതിരോധ നിരയുടെ ടാക്ലിങ്ങിന് വിധേയനാകുന്ന താരത്തിന് അത് വിഷമമുണ്ടാക്കുമെന്നുറപ്പാണ്.

കഴിഞ്ഞ നവംബറില്‍ മെസ്സിക്കേറ്റ പരിക്ക് ബാഴ്‌സലോണയെ മാത്രമല്ല, അര്‍ജന്റീനയെയും ഏറെ വിഷമിപ്പിക്കുന്നതായിരുന്നു. ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ടീമിന്റെ പ്രതീക്ഷയത്രയും പേറുന്ന താരത്തിന് പരിക്കേല്‍ക്കുകയെന്നത് ആര്‍ക്കായാലും ആലോചിക്കാവുന്ന കാര്യമല്ല. മെസ്സി ഇപ്പോള്‍ പരിക്കില്‍നിന്ന് തിരിച്ചുവന്നുവെന്നത് അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്കും ചിറകുകള്‍ നല്‍കുന്നു. ബാഴ്‌സയെക്കാള്‍ മെസ്സിയെ ആശ്രയിക്കുന്ന ടീമാണ് അര്‍ജന്റീന. ബാഴ്‌സയ്ക്കുവേണ്ടി മെസ്സി ഇനി ഓരോ നിമിഷവും പന്തുതട്ടുമ്പോള്‍ , നെഞ്ചിടിപ്പേറുക അര്‍ജന്റീനക്കാര്‍ക്കാവും.

Share This Post →

No comments:

Post a Comment